പട്ടികവര്‍ഗ വകുപ്പ് ഓഫിസില്‍നിന്ന് വിചിത്രനിര്‍ദേശം: ആംബുലന്‍സ് രാത്രി ഓടേണ്ട!

മാനന്തവാടി: മാനന്തവാടിയിലെ പട്ടികവര്‍ഗ വികസനവകുപ്പ് ഓഫിസില്‍നിന്ന് ആംബുലന്‍സ് പ്രവര്‍ത്തനത്തെക്കുറിച്ച് നല്‍കിയത് വിചിത്രനിര്‍ദേശം. ആദിവാസികള്‍ക്കുള്ള ആംബുലന്‍സ് രാത്രികാലങ്ങളില്‍ ഓടേണ്ട. ആദിവാസികള്‍ക്ക് എളുപ്പത്തില്‍ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ ആംബുലന്‍സാണ് രാത്രികാലങ്ങളില്‍ ഓടേണ്ടെന്ന് ഓഫിസില്‍നിന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പുചട്ടം നിലനില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നത് എന്നതിന്‍െറ തെളിവാണ് ഇതെന്നാണ് ആക്ഷേപം. രണ്ടുദിവസം മുമ്പാണ് ഇതുസംബന്ധിച്ച് ആംബുലന്‍സ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത് വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ആംബുലന്‍സിന് ഓടാന്‍ അനുമതിനല്‍കുകയും ചെയ്തു. ട്രൈബല്‍ വികസന ഓഫിസര്‍ക്ക് താഴെയുള്ള ഉദ്യോഗസ്ഥനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഓടാതിരിക്കാന്‍ മതിയായകാരണങ്ങള്‍ വ്യക്തമാക്കിയതുമില്ല. മുമ്പ് ജില്ലാ ആശുപത്രിയില്‍ പ്രസവചികിത്സ ലഭിക്കാതെയും ആംബുലന്‍സ് ലഭിക്കാന്‍ വൈകുകയും ആംബുലന്‍സില്‍ പ്രസവിക്കുകയും ചെയ്ത സംഭവങ്ങളില്‍ പട്ടികവര്‍ഗവകുപ്പിന്‍െറ ആംബുലന്‍സിലാണ് രോഗികളെ കൊണ്ടുപോയത്. രണ്ടുതവണയും അര്‍ധരാത്രിയാണ് രോഗികളുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മേപ്പാടി അരപ്പറ്റയിലെ വിംസ് ആശുപത്രിയിലേക്കും പോയത്. ദിവസവും ആദിവാസിരോഗികളുമായി മൂന്നും നാലും തവണ ഈ വാഹനം ചുരമിറങ്ങുന്നുണ്ട്. കൂടാതെ, താലൂക്കിന്‍െറ വിവിധഭാഗങ്ങളിലെ കോളനികളില്‍നിന്ന് രോഗികളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കാനും ഈ വാഹനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ ആദിവാസികള്‍ക്ക് അനുഗ്രഹമായ സേവനത്തിനാണ് ഉദ്യോഗസ്ഥര്‍ ഇടംകോലിടുന്നതെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.