ജനവാസകേന്ദ്രത്തിനടുത്തുള്ള ഗ്യാസ് ഗോഡൗണുകള്‍ മാറ്റണമെന്ന് നിവേദനം

ഗൂഡല്ലൂര്‍: ഒന്നാം മൈലിനടുത്ത് ജനവാസകേന്ദ്രത്തിനും സദാസമയം വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതക്കരികിലുമായി സ്ഥിതിചെയ്യുന്ന ഗ്യാസ് ഗോഡൗണ്‍ ഉടന്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ക്കായി പി. ഉസ്മാന്‍െറ നേതൃത്വത്തില്‍ നിവേദനം അയച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഗോഡൗണ്‍ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷമായി. 2008 ആഗസ്റ്റ് 24ന് ഗൂഡല്ലൂര്‍ ആര്‍.ഡി.ഒക്ക് പരാതി സമര്‍പ്പിച്ചു. നടപടി കാണാത്തതിനെ തുടര്‍ന്ന് 2008 ഒക്ടോബര്‍ 12ന് നീലഗിരി ജില്ലാ കലക്ടര്‍ക്കും നിവേദനമയച്ചു. ഇടക്കിടെ ഇതേക്കുറിച്ച് ഓര്‍മപ്പെടുത്തലും നടന്നു. എന്നാല്‍, ഇതുവരെ ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ലഭിച്ചില്ളെന്ന് ഉസ്മാന്‍ പരാതിപ്പെട്ടു. ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയോരത്ത് നേരത്തേ എച്ച്.പിയുടെ ഗ്യാസ് ഗോഡൗണ്‍ മാത്രമായിരുന്നു. ഇപ്പോള്‍ ഭാരത് പെട്രോളിയം കമ്പനിയുടെ പ്രവര്‍ത്തനവും ഇവിടെ തുടങ്ങിയതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രധാന റോഡില്‍വെച്ചാണ് സദാസമയം സിലിണ്ടറുകള്‍ ഇറക്കിയും കയറ്റിയും പോകുന്നത്. മൈസൂരു-മേട്ടുപ്പാളയം ദേശീയപാതയുടെ ബൈപാസായി പരിഗണിക്കുന്ന ഈ പാതയില്‍ രാത്രിയും പകലുമായി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഗോഡൗണിന്‍െറ സമീപത്തും എതിരിലുമായി ഗോള്‍ഡന്‍ അവന്യൂ കോളനി ഉള്‍പ്പെടെ നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സമീപത്ത് ഒരു നമസ്കാരപ്പള്ളിയും സ്ഥിതിചെയ്യുന്നു. കേരളത്തിലെ പരവൂര്‍ ദുരന്തംപോലെ മനുഷ്യജീവനുകള്‍കൊണ്ട് പന്താടരുതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. അധികൃതരുടെ നിസ്സംഗത തുടരുന്നപക്ഷം കോടതിയെ സമീപിക്കുമെന്നും നിവേദനത്തില്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.