മുതുമല നാഗമ്പള്ളി സ്കൂളിന് സോളാര്‍ വെളിച്ചം

ഗൂഡല്ലൂര്‍: സ്കൂള്‍ ആരംഭിച്ച് അരനൂറ്റാണ്ട് പിന്നിട്ടും വെളിച്ചംകാണാതെ കിടന്ന മുതുമല ഗ്രാമപഞ്ചായത്തിലെ നാഗമ്പള്ളി പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്കൂളില്‍ സോളാര്‍ വൈദ്യുതി എത്തിയത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും മനസ്സില്‍ പുതുവെളിച്ചമായി. മുതുമല കടുവസങ്കേതത്തിനുള്ളിലാണ് മുതുമല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുതുകുളി, നാഗമ്പള്ളി, മണ്ടേക്കര, പുളിയാളം, കാപ്പൂര്, നമ്പിക്കുന്ന്, കോഴിമല എന്നീ കുഗ്രാമങ്ങളിലായി ഏകദേശം 300 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്കായി നാഗമ്പള്ളിയില്‍ ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചിട്ടുണ്ട്. 52 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ സ്കൂളില്‍ 450 കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍, വൈദ്യുതിയുടെ ഇത്തിരിവെട്ടംപോലും സ്കൂളിന് അന്യമായിനിന്നു. പഞ്ചായത്തിലെ മിക്ക ഗ്രാമങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. 1979 മുതല്‍ തെരഞ്ഞെടുപ്പ് പോളിങ് ബൂത്തായി പ്രവര്‍ത്തിക്കുന്ന നാഗമ്പള്ളി സ്കൂളില്‍ വൈദ്യുതിയില്ലാത്തത് തെരഞ്ഞെടുപ്പ് ജോലിക്കത്തെുന്ന അധികാരികളെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പഠനസാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഉപകാരപ്രദമാവുംവിധം സോളാര്‍ വൈദ്യുതിയെങ്കിലും ലഭ്യമാകാനായി പ്രധാനാധ്യാപകന്‍ മുരുകേശന്‍ മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വിജയംകണ്ടിരിക്കുന്നത്. പ്രധാനാധ്യാപകന്‍െറ ശ്രമഫലമായി ഗൂഡല്ലൂര്‍ റവന്യൂ അധികൃതര്‍ സോളാര്‍ വെളിച്ചം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചായത്ത് യൂനിയന്‍ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് സോളാര്‍ വൈദ്യുതി സ്കൂളില്‍ ലഭ്യമാക്കി. ഇതോടെ, വന്യമൃഗഭീഷണിയുള്ള പ്രദേശത്തെ ബൂത്തില്‍ സുരക്ഷിതത്വം ലഭിച്ചതായി തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.