വരള്‍ച്ച: ജനകീയ ശില്‍പശാല നാളെ

പുല്‍പള്ളി: വരള്‍ച്ച സര്‍വനാശം വിതക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ജലസംരക്ഷണ വരള്‍ച്ചാ പ്രതിരോധ നടപടികളെക്കുറിച്ചുള്ള ജനകീയ ശില്‍പശാല ബുധനാഴ്ച രണ്ടരക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. അതിര്‍ത്തി ഗ്രാമങ്ങള്‍ കരിഞ്ഞുണങ്ങുകയും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് പുല്‍പള്ളി പ്രസ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ ശില്‍പശാല നടത്തുന്നത്. കൊടും വരള്‍ച്ചയില്‍ നാട്ടിലെ ജലാശയങ്ങള്‍ എല്ലാം വറ്റിവരളുകയും വന്‍ തോതില്‍ കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നു. കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തു. വര്‍ഷാവര്‍ഷമുണ്ടാകുന്ന വരള്‍ച്ചാ കെടുതിയില്‍നിന്ന് പാഠംപഠിക്കാതെ വരള്‍ച്ചയെ ആഘോഷമാക്കുകയും മഴപെയ്യുമ്പോള്‍ കഴിഞ്ഞതെല്ലാം മറക്കുകയും ചെയ്യുന്ന പൊതുസമൂഹത്തിനും ഭരണകര്‍ത്താക്കള്‍ക്കും ദിശാബോധം നല്‍കുന്നതിനാണ് വിദഗ്ദര്‍ പങ്കെടുക്കുന്ന ശില്‍പശാല നടത്തുന്നത്. 2003, 2004, 2013 വര്‍ഷങ്ങളില്‍ പുല്‍പള്ളി, മുള്ളന്‍കൊല്ലി പൂതാടി പഞ്ചായത്തുകളിലുണ്ടായ വരള്‍ച്ച ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരും പഠനസംഘങ്ങളും പലവട്ടം നാട്ടില്‍ സന്ദര്‍ശനം നടത്തി. നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പായില്ല. പരിസ്ഥിതി തകിടംമറിച്ചില്‍ കാലാവസ്ഥാ വ്യതിയാനത്തിനും തന്മൂലം കാര്‍ഷിക തകര്‍ച്ചക്കും ഇടയാക്കുന്നു. ജല സംരക്ഷണത്തിനും ജലസേചനത്തിനുമായി വിഭാവനംചെയ്ത പദ്ധതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പശാല രൂപം നല്‍കും. വയനാട് പ്രകൃതി സംരക്ഷണസമിതിയുടെയും പുല്‍പള്ളി സഹകരണ ബാങ്കിന്‍െറയും സഹകരണത്തോടെയുള്ള ശില്‍പശാല ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവന്‍, ഡോ. അനില്‍ സഖറിയ, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു. ദാസ് എന്നിവര്‍ സംസാരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക, സാംസ്കാരിക, കാര്‍ഷിക രംഗത്തെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് ടി.സി. ജോര്‍ജ്, കണ്‍വീനര്‍ സി.ഡി. ബാബു എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.