പൊരിവെയിലത്ത് ബത്തേരിയില്‍ ബസിനായി കാത്തിരിപ്പ്

സുല്‍ത്താന്‍ ബത്തേരി: ടൗണില്‍നിന്ന് ബസ് കയറണമെങ്കില്‍ പൊരിവെയിലത്തു നില്‍ക്കേണ്ട അവസ്ഥ കടുത്ത വേനലില്‍ യാത്രക്കാരെ വലക്കുന്നു. നടപ്പാത നിര്‍മാണത്തിനായി ചുങ്കത്തും പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തുമുള്ള ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചതോടെയാണ് യാത്രക്കാര്‍ക്ക് കത്തുന്ന വെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട നിലവന്നത്. പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്താണ് കല്‍പറ്റ ഭാഗത്തുനിന്നത്തെുന്ന യാത്രക്കാര്‍ ബസിറങ്ങുന്നത്. ഇവിടെനിന്നുമാണ് പുല്‍പള്ളി, പാട്ടവയല്‍, ചീരാല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് ബസ് കയറുന്നതും. ചുങ്കത്തുനിന്ന് ഇതേ സ്ഥലങ്ങളിലേക്ക് യാത്രക്കാര്‍ ബസ് കയറുന്നുണ്ട്. ചുങ്കത്ത് ബസ് കാത്തുനില്‍ക്കുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ടൗണില്‍ ബസ് കാത്തുനില്‍ക്കുന്ന പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളിലും വെയ്റ്റിങ് ഷെഡ് ഇല്ലാതായതോടെ നൂറുകണക്കിനാളുകളാണ് ബുദ്ധിമുട്ടിലായത്. നടപ്പാത നിര്‍മാണം തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും പണി പാതിവഴിയില്‍ ഉപേക്ഷിച്ച അവസ്ഥയാണ്. പല സ്ഥലത്തും നിര്‍മിച്ച വലിയ കുഴികളിപ്പോഴും മൂടിയിട്ടില്ല. വെയ്റ്റിങ് ഷെഡ് പുനര്‍നിര്‍മിക്കാത്തതോടെ യാത്രക്കാര്‍ പൊരിവെയിലത്തു നിന്നു കഷ്ടപ്പെടുകയാണ്. ടൗണില്‍ കുടയില്ലാതെ ബസ് കാത്തുനില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. കുടയില്ലാത്തവര്‍ വെയില്‍ കൊള്ളുകയെ നിവൃത്തിയുള്ളൂ. വെയിലത്തുനില്‍ക്കാന്‍ സാധിക്കാതെ വരുന്നതോടെ കടത്തിണ്ണകളിലാണ് യാത്രക്കാര്‍ നില്‍ക്കുന്നത്. ഇത് കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രായമായവരും ബസ് കാത്ത് ഏറെ നില്‍ക്കേണ്ടിവരുന്നവരുമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.