ഒഡിഷ കുട്ടികള്‍ക്ക് പള്ളിക്കൂടത്തില്‍ സ്നേഹത്തിന്‍െറ ഒരാണ്ട്

കല്‍പറ്റ: ഇതര സംസ്ഥാനങ്ങളില്‍നിന്ന് അറിവു നേടാനായി കേരളത്തിലെ അനാഥാലയങ്ങളിലേക്കത്തെിയ കുരുന്നുകളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ആട്ടിപ്പായിച്ച സംഭവങ്ങള്‍ക്കുശേഷം ഇതാ വയനാട്ടില്‍നിന്ന് നല്ല വാര്‍ത്ത. തൊഴിലിനായി വയനാട്ടിലത്തെിയ ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ക്ക് ജില്ലാ ബാലക്ഷേമ സമിതിയുടെ (സി.ഡബ്ള്യു.സി) ഇടപെടലില്‍ പള്ളിക്കൂടത്തില്‍ പ്രവേശം കിട്ടിയിട്ട് ഒരാണ്ട്. സ്കൂള്‍ തുറക്കുമ്പോള്‍ വീണ്ടും എത്തുമെന്ന ഉറപ്പുനല്‍കി കഴിഞ്ഞ ദിവസം വേനലവധിക്കായി അവര്‍ വീട്ടിലേക്ക് മടങ്ങി. ഒഡിഷയില്‍ നിന്നുമത്തെി അമ്പലവയലിലെ ആയിരംകൊല്ലിയില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളിലെ അഞ്ചു കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം അമ്പലവയല്‍ ഗവ. യു.പി സ്കൂളില്‍ ചേര്‍ന്ന് വിദ്യ അഭ്യസിക്കാനുള്ള അവസരം പ്രാദേശിക അധികൃതരുടെ ഇടപെടലില്‍ സാധ്യമായത്. സ്കൂളില്‍ പോകാന്‍ താല്‍പര്യമുണ്ടായിട്ടും തിരിച്ചറിയല്‍ കാര്‍ഡും രേഖകളും ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്കൂള്‍ പ്രവേശം നേടാന്‍ ആദ്യം ഇവര്‍ ബുദ്ധിമുട്ടിയിരുന്നു. ആയിരംകൊല്ലിയിലാണ് ഏറെ നാളായി ഒഡിഷയില്‍നിന്നുള്ള കരുണ-സുപ്ര ദമ്പതികളും ജയന്‍-വിലാന്ത ദമ്പതികളും കുട്ടികളുമൊന്നിച്ച് താമസിച്ചിരുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളികളാണ് ഇവര്‍. മോണ്ടു (13), ആരതി (9), സുഭാഷ് (6), നവ്യ (2), വര്‍ഷ (എട്ടുമാസം) എന്നിവരാണ് കരുണയുടെയും സുപ്രയുടെയും മക്കള്‍. കീരോ (12), നീരന്‍ (7), കാവ്യ (3), സാപ്പി (ആറുമാസം) എന്നിവരാണ് ജയന്‍-വിലാന്ത ദമ്പതികളുടെ മക്കള്‍. രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്കൂളിലയക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, ഇതര സംസ്ഥാന കുട്ടികളെ ഇവിടത്തെ സ്കൂളുകളില്‍ പ്രവേശിപ്പിക്കുമോ എന്നറിയാത്തതിനാലും മറ്റ് കാര്യങ്ങളെപ്പറ്റി ബോധ്യമില്ലാത്തതിനാലും ആഗ്രഹം മനസ്സില്‍തന്നെ വെച്ചു. മുതിര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്കൂളില്‍ പോകാത്തത് പ്രദേശത്തെ ആശാപ്രവര്‍ത്തകയായ സതീദേവിയുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പഠനം എന്ന സ്വപ്നത്തിലേക്ക് വാതില്‍ തുറന്നത്. സതീദേവിയുടെ ഇടപെടലില്‍, 2014 നവംബറില്‍ അമ്പലവയല്‍ ഗവ. ഹൈസ്കൂളിലത്തെി ഹെഡ്മാസ്റ്ററെ കണ്ടു. എന്നാല്‍, വിലാസവും മറ്റും തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ പോലുള്ള രേഖകളൊന്നും കുടുംബങ്ങളുടെ കൈവശമില്ലായിരുന്നു. കൂടാതെ, അധ്യയനം തുടങ്ങി മാസങ്ങള്‍ പിന്നിട്ടതിനാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ബാലക്ഷേമ സമിതി അധികൃതര്‍ക്ക് മുന്നില്‍ സതീദേവി ഇക്കാര്യം എത്തിച്ചു. സമിതി ചെയര്‍മാന്‍ അഡ്വ. തോമസ് ജോസഫ് തേരകം സമിതിയുടെ സുല്‍ത്താന്‍ ബത്തേരി പ്രദേശത്തിന്‍െറ ചുമതല വഹിക്കുന്ന ഡോ. പി. ലക്ഷ്മണനെ വിവരം ധരിപ്പിച്ചു. അദ്ദേഹം വിശദമായി അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് കുട്ടികളുടെ വീട്ടിലത്തെി രക്ഷാകര്‍ത്താക്കളെ വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി. കഴിഞ്ഞ അധ്യയനവര്‍ഷത്തിന്‍െറ തുടക്കത്തില്‍ തന്നെ ഇതേ സംഘം സ്കൂളിലത്തെി പ്രധാനാധ്യാപകനെ കണ്ട് വിവരം ധരിപ്പിച്ചു. സാധാരണ രീതിയില്‍ ചേര്‍ക്കാനുള്ള സാധ്യതകളില്ലാത്തതിനാല്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രായത്തിനനുസരിച്ച ക്ളാസില്‍ (എയ്ജ് അപ്രോപ്രിയേറ്റ് ക്ളാസ്) കുട്ടികള്‍ക്ക് പ്രവേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. തോമസ് ജോസഫ് തേരകം പ്രധാനാധ്യാപകന് കത്തു നല്‍കി. അതുപ്രകാരം 2015 ആഗസ്റ്റില്‍ കുട്ടികള്‍ക്ക് പ്രവേശം ലഭിച്ചു. കീരോ, മോണ്ടു എന്നിവര്‍ക്ക് യു.പി വിഭാഗത്തിലും നീരന്‍, ആരതി, സുഭാഷ് എന്നിവര്‍ക്ക് എല്‍.പി വിഭാഗത്തിലുമാണ് പ്രവേശം ലഭിച്ചത്. ഇവരെ സുരക്ഷിതമായി സ്കൂളിലത്തെിക്കാന്‍ വാഹനസൗകര്യമൊരുക്കുകയും ചെയ്തു. ഭാഷാപ്രശ്നം കാരണം കീരോക്കും മോണ്ടുവിനും പാഠഭാഗങ്ങള്‍ തീരെ മനസ്സിലാക്കാന്‍ സാധിക്കാതെവന്നപ്പോള്‍ അവരെയും എല്‍.പി വിഭാഗത്തിലേക്ക് മാറ്റി. ഭാഷ പഠിപ്പിക്കാനും മറ്റു പെരുമാറ്റ രീതികള്‍ പഠിപ്പിക്കാനും പ്രത്യേകം അധ്യാപികയെ ചുമതലപ്പെടുത്തുകയും ചെയ്തു. പാഠപുസ്തകത്തിന്‍െറയും യൂനിഫോമിന്‍െറയും വിതരണ സമയം കഴിഞ്ഞതിനാല്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് പുസ്തകങ്ങളും യൂനിഫോമും ശേഖരിച്ചു നല്‍കി. ദിവസവും ഉത്സാഹത്തോടെ സ്കൂളിലത്തെിയ കുട്ടികള്‍ കായിക മത്സരങ്ങളിലും പങ്കാളികളായി. സ്കൂളില്‍നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കണമെന്ന് അഞ്ചു പേര്‍ക്കും നിര്‍ബന്ധമാണ്. രക്ഷാകര്‍തൃ യോഗത്തിന് വിളിച്ചാല്‍ രക്ഷിതാക്കള്‍ വരില്ളെന്നതു മാത്രമാണ് ഒരു കുറവ്. എന്നാല്‍, അധ്യാപകരിലാരെങ്കിലും വീട്ടിലത്തെി കാര്യമറിയിക്കും. കഴിഞ്ഞ ദിവസം ഇവര്‍ക്ക് അടുത്ത ക്ളാസിലേക്ക് സ്ഥാനക്കയറ്റവും കിട്ടിയിരുന്നു. ഈ സന്തോഷ വിവരവും കേട്ടാണ് അവധിക്കാലമാഘോഷിക്കാന്‍ കഴിഞ്ഞ ദിവസം അവര്‍ വീട്ടിലേക്കു മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.