വെള്ളമുണ്ട: വീട് ചോദിച്ചപ്പോള്‍ കക്കൂസ് കിട്ടിയ അനുഭവമാണ് തെരഞ്ഞെടുപ്പ് സമയത്ത് കുഞ്ഞോം കോളനിക്കാര്‍ക്ക് പറയാനുള്ളത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം പണിയ കോളനിയിലെ 20ഓളം കുടുംബങ്ങളാണ് വീടിനെക്കാള്‍ നല്ല കക്കൂസ് കെട്ടിടത്തിനരികില്‍നിന്ന് തങ്ങളുടെ ദുരിതം പറയുന്നത്. ചോരുന്ന ഓലപ്പുരകള്‍ മാറ്റി വാസയോഗ്യമായ വീട് നല്‍കണമെന്നാണ് പതിറ്റാണ്ടുകളായി ഇവര്‍ ആവശ്യപ്പെടുന്നത്. മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് ആദിവാസി കോളനികള്‍ നവീകരിക്കുന്നതിനായി വിവിധ പദ്ധതികളിലായി കോടികള്‍ അനുവദിച്ചെങ്കിലും ഇവരുടെ ചോരാത്ത വീടെന്ന സ്വപ്നം പൂവണിഞ്ഞില്ല. ഒടുക്കം കിട്ടിയത് ഒരു കക്കൂസ് മാത്രം. കോളനിയിലെ മുഴുവന്‍ വീടുകള്‍ക്കു മുന്നിലും അരലക്ഷം രൂപയിലധികം ചെലവഴിച്ച് കക്കൂസ് കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഇവയോട് ചേര്‍ന്ന് കാറ്റടിച്ചാല്‍ പറന്നുപോകുന്ന വീട് പുതുക്കിപ്പണിയാന്‍ ഒന്നും അനുവദിച്ചതുമില്ല. കോളനിയോട് ചേര്‍ന്ന് കോടികള്‍ മുടക്കി മാതൃകാ കോളനി നിര്‍മിച്ചിട്ടുണ്ട്. അവിടെയും അതിന്‍െറ ഗുണഭോക്താക്കളിലും ഇവര്‍ പെട്ടിട്ടില്ല. വൃദ്ധരും കുഞ്ഞുങ്ങളും അടങ്ങുന്ന ആറും ഏഴും പേരാണ് പ്ളാസ്റ്റിക് കൂരയിലെ ഒറ്റമുറിയില്‍ കാലങ്ങളായി ദുരിതജീവിതം നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.