കാട്ടാന തൊഴിലാളിയെ കൊന്ന സംഭവം: നാട്ടുകാര്‍ ഭീതിയില്‍

മേപ്പാടി: ചുളിക്ക എ.വി.ടി എസ്റ്റേറ്റ് തൊഴിലാളിയായ മണിയെ ഏലം ഡിവിഷന്‍ 13ാം നമ്പറില്‍ വെച്ച് കാട്ടാന കൊലപ്പെടുത്തിയതോടെ മേഖലയിലെ ജനം ഭീതിയില്‍. ചെമ്പ്ര, അരണമല വനമേഖലകളിലെ ജനം എന്നും വന്യമൃഗഭീഷണിയിലാണ്. തോട്ടം മേഖലയെയും കാടിനെയും വേര്‍തിരിച്ചുകൊണ്ട് വൈദ്യുതിവേലി സ്ഥാപിക്കാനുള്ള തീരുമാനം വനംവകുപ്പ് ഒരുവര്‍ഷംമുമ്പ് എടുത്തിരുന്നു. ആനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വേലിക്കുവേണ്ടി നാട്ടുകാര്‍ മുറവിളി കൂട്ടിയതിന്‍െറ ഫലമായിരുന്നു ഇത്. ആറു കിലോമീറ്റര്‍ ദൂരം വൈദ്യുതിവേലി സ്ഥാപിക്കാനുള്ള ഫണ്ട് അനുവദിച്ചുള്ളതായും പറയുന്നു. എന്നാല്‍, പ്രവൃത്തി എവിടെയുമത്തെിയില്ല. തൊഴിലാളിയെ കാട്ടാന കൊന്ന സാഹചര്യത്തില്‍ ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. എട്ട് ആനകളുടെ കൂട്ടം വര്‍ഷങ്ങളായി പ്രദേശത്ത് ഭീതിപരത്തുകയാണ്. ഇടക്കിടെ ജനവാസകേന്ദ്രങ്ങളിലും തോട്ടങ്ങളിലുമിറങ്ങി അവ കൃഷിയും മറ്റും നശിപ്പിക്കുന്നതും പതിവായിട്ടും പ്രതിരോധനടപടികള്‍ എടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ വേണ്ട താല്‍പര്യമെടുക്കുന്നില്ല. തൊഴിലാളി കൊല്ലപ്പെട്ടതോടെ തോട്ടം തൊഴിലാളികള്‍ രോഷാകുലരാണ്. സംഭവസ്ഥലത്തത്തെിയ വനംവകുപ്പ്, റവന്യൂ അധികൃതരെയും ജനപ്രതിനിധികളെയും അവര്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന്, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, സി.പി.എം നേതാവ് സി.കെ. ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തുണ്ടായിരുന്ന സൗത് വയനാട് ഡി.എഫ്.ഒ അബ്ദുല്‍ അസീസ്, എ.ഡി.എം സി.എം. മുരളീധരന്‍, വൈത്തിരി തഹസില്‍ദാര്‍ പി.ജെ. സെബാസ്റ്റ്യന്‍ എന്നിവരുമായി പ്രശ്നപരിഹാരത്തെക്കുറിച്ച് ചര്‍ച്ച നടത്തി. ജനപ്രതിനിധികളായ പി.പി. ആലി, പി.കെ. അനില്‍കുമാര്‍, പി.എ. മുഹമ്മദ്, ടി. ഹംസ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സഹദ്, ബ്ളോക് ഡിവിഷന്‍ അംഗം റോഷ്ന യൂസഫ്, വാര്‍ഡംഗം കെ.പി. യൂനുസ് എന്നിവരും സ്ഥലത്തത്തെിയിരുന്നു. മണിയുടെ കുടുംബത്തിന് വനംവകുപ്പിന്‍െറ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ, ഇന്‍ഷുറന്‍സ് തുക ഒരുലക്ഷം എന്നിങ്ങനെ നല്‍കാനുള്ള ശിപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനമായി. കൂടാതെ, നാലുലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ടനുവദിക്കണമെന്നാവശ്യപ്പെടാനും മണിയുടെ മകന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ശിപാര്‍ശ ചെയ്യാനും ധാരണയായി. കൂടാതെ, എട്ടു കിലോമീറ്റര്‍ ദൂരം വൈദ്യുതിവേലി സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.