കല്‍പറ്റ: റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് മാഫിയകള്‍ പച്ചപ്പ് വെട്ടിത്തെളിച്ച് പണം വാരാന്‍ നടത്തുന്ന നീക്കങ്ങള്‍ വയനാടന്‍ കാലാവസ്ഥയെ കീഴ്മേല്‍ മറിക്കുമ്പോള്‍ പരമ്പരാഗത കാര്‍ഷിക രീതികളില്‍നിന്നുള്ള മാറ്റവും അതിന് ആക്കംകൂട്ടുന്നതായി പഠനം. സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം ഏറ്റവും ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന നാലു സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് വയനാട്. ജൈവമേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കേ, കാലാവസ്ഥാ വ്യതിയാനമെന്ന വെല്ലുവിളി മറികടക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന് തണലില്‍ വളരുന്ന പരമ്പരാഗത കാപ്പികൃഷി ശക്തിപ്പെടുത്തുകയാണെന്ന് കൃഷി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 85,359 ഹെക്ടറില്‍ കാപ്പികൃഷി ചെയ്തിരുന്ന വയനാട്ടില്‍നിന്നാണ് സംസ്ഥാനത്തിന്‍െറ 80 ശതമാനം ഉല്‍പാദനവും. എന്നാല്‍, തോട്ടത്തില്‍ തണല്‍മരങ്ങള്‍ക്കു കീഴില്‍ കൃഷിചെയ്യുന്ന രീതികളില്‍നിന്ന് മാറി ഇപ്പോള്‍ ‘സണ്‍ കോഫി’ സിസ്റ്റമാണ് വയനാട്ടിലെന്ന് കൃഷി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഉയരം കൂടിയ, തണല്‍ വിരിക്കുന്ന മരങ്ങള്‍ക്കിടയില്‍ കാപ്പിച്ചെടികള്‍ വളരുന്ന രീതിയാണ് നൂറ്റാണ്ടുകളോളം വയനാട്ടിലെ കര്‍ഷകര്‍ അവലംബിച്ചത്. എന്നാല്‍, അടുത്ത കാലത്തായി കര്‍ഷകര്‍ കൂട്ടത്തോടെ മരങ്ങള്‍ പൂര്‍ണമായും മുറിച്ചൊഴിവാക്കി ചെടിക്ക് നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന രീതിയിലേക്ക് മാറി. പരമാവധി വിളവു കിട്ടാനായി വളപ്രയോഗവും ഇതിന്‍െറ ഭാഗമായി വര്‍ധിച്ചു. ജില്ലയിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ കൃഷിരീതിയിലെ ഈ മാറ്റം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്’ -എം.എസ്. സ്വാമിനാഥന്‍ റിസര്‍ച് ഫൗണ്ടേഷനിലെ ജൈവവൈവിധ്യ പദ്ധതി ഡയറക്ടറായ എന്‍. അനില്‍കുമാര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നതും കര്‍ഷകരെയാണിപ്പോള്‍. കാലം തെറ്റിയത്തെുന്ന മഴയില്‍ വിളനാശവും മറ്റും രൂക്ഷമാണ്. കാപ്പി പൂക്കേണ്ട സമയത്ത് അനിവാര്യമായ മഴയും മഞ്ഞുമൊന്നുമില്ലാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. വന്‍കിട കര്‍ഷകര്‍ സ്പ്രിങ്ളറുകള്‍ വഴി ജലസേചനം നടത്തുമ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് മഴ കനിയുകയേ രക്ഷയുള്ളൂ. വിളനാശവും വിലക്കുറവും വഴിയുള്ള കടുത്ത സാമ്പത്തികമാന്ദ്യം പിടിച്ചുലക്കുമ്പോള്‍ കൃഷിയിടത്തിലെ ഉള്ള മരങ്ങളെല്ലാം മുറിച്ചുവിറ്റാണ് കര്‍ഷകര്‍ പിടിച്ചുനിന്നത്. ‘സണ്‍ കോഫി’ രീതികളിലേക്കുള്ള മാറ്റത്തിന് ഇതുമൊരു കാരണമായി. കാലാവസ്ഥ മാറി ചൂടു കൂടിയതിനൊപ്പം കീടങ്ങളുടെ ആക്രമണവും ക്രമാതീതമായി വര്‍ധിച്ചു. തണലില്‍ വളരുന്ന കാപ്പികൃഷി രീതി വീണ്ടും പ്രചാരത്തിലായാല്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനൊപ്പം ആവാസവ്യവസ്ഥ ശക്തമാകുമ്പോള്‍ കീടങ്ങള്‍ക്കെതിരെ സ്വാഭാവിക പ്രതിരോധമൊരുങ്ങുമെന്നും വിദഗ്ധര്‍ പറയുന്നു. തണലിലെ കൃഷി വഴിയുള്ള വിളക്ക് ആഗോളമാര്‍ക്കറ്റില്‍ മെച്ചപ്പെട്ട വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്കും കൂടുതല്‍ ആദായകരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.