കല്‍പറ്റ ചുങ്കം റോഡ്: പണി തുടങ്ങാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണോ?

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാലെങ്കിലും റോഡ് നന്നാക്കാന്‍ നടപടിയുണ്ടാകുമോ എന്നാണ് കല്‍പറ്റയിലെയും പരിസരപ്രദേശങ്ങളിലെയും നാട്ടുകാര്‍ ചോദിക്കുന്നത്. ജില്ലയിലെ ഏറെ ജനത്തിരക്കുള്ള കല്‍പറ്റ-പടിഞ്ഞാറത്തറ -മാനന്തവാടി റോഡാണ് കല്‍പറ്റക്കടുത്ത് തകര്‍ന്നുകിടക്കുന്നത്. ചുങ്കം ജങ്ഷനില്‍ റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. റോഡിന്‍െറ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണി നടത്തി. വെയര്‍ഹൗസ് പരിസരത്തുനിന്ന് പുഴമുടി പാലം വരെയാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍, വെയര്‍ഹൗസില്‍നിന്ന് നഗരം വരെയുള്ള ഭാഗം പഴയപടി തന്നെയാണ്. ചുങ്കം ജങ്ഷനില്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇടംവരെ റോഡ് പൂര്‍ണമായും പൊളിഞ്ഞിട്ടുണ്ട്. ഫാത്തിമ ആശുപത്രിയുടെ മുന്നില്‍നിന്ന് നഗരം വരെ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്. ചുങ്കം ജങ്ഷനില്‍ പിണങ്ങോട് റോഡ് തുടങ്ങുന്ന ഭാഗം വരെ മുമ്പ് റോഡ് ഉയര്‍ത്തി നടപ്പാത ടൈല്‍ വിരിച്ച് നവീകരിച്ചിരുന്നു. അന്ന് ടാറിങ് നടത്തുകയും ചെയ്തു. എന്നാല്‍, ആഴ്ചകള്‍ക്കകംതന്നെ റോഡ് പൊളിഞ്ഞുതുടങ്ങി. പിന്നീട് ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ബാണാസുര സാഗര്‍ ഡാമിലേക്കുള്ള പ്രധാന റോഡാണിത്. ഇതിനാല്‍ ദിനേന വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഫാത്തിമ ആശുപത്രിയിലേക്കുള്ള രോഗികളടക്കമുള്ളവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് പൂര്‍ണമായും തകര്‍ന്നതിനാല്‍ മിക്ക വാഹനങ്ങളും ആശുപത്രിക്കരികിലൂടെയുള്ള ബദല്‍ വഴിയിലൂടെയാണ് ഇപ്പോള്‍ നഗരത്തിലേക്കത്തെുന്നത്. കുടിവെള്ള പൈപ്പിടാന്‍ പലയിടത്തും റോഡ് കുറുകെ കീറിയിരുന്നു. എന്നാല്‍, പണികഴിഞ്ഞിട്ടും പഴയപടി പലയിടത്തും ടാര്‍ ചെയ്തിട്ടില്ല. ഇതിനാല്‍ ചെറിയ ചാലുകള്‍ വാഹനങ്ങള്‍ കയറി വലുതാവുകയാണ്. ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തടക്കം ഇത്തരം ചാലുകള്‍ മൂടാതെകിടക്കുന്നുണ്ട്. റോഡ് പൊളിഞ്ഞത് നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരെയാണ് ഏറെ വലക്കുന്നത്. ചെറിയ ഓട്ടത്തിനുപോലും വാഹനം കേടാവുന്ന സ്ഥിതിയാണ്. ചുങ്കത്ത് റോഡില്‍ നിരവധി കുഴികളാണ് അടുത്തടുത്തുള്ളത്. ബൈക്ക് യാത്ര വരെ അസാധ്യമാണ്. വ്യാപാരികള്‍ക്കും ഇത് ദുരിതം സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരണം നടത്തിയാലെങ്കിലും റോഡ് നന്നാവുമെന്നാണ് പ്രതീക്ഷയെന്നും അതിനുള്ള തയാറെടുപ്പിലാണെന്നും കല്‍പറ്റ പൗരസമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.