മുട്ടിലുകാര്‍ ബസ് കാത്ത് വെയിലത്തു തന്നെ

മുട്ടില്‍: പൊരിവെയിലും കോരിച്ചൊരിയുന്ന മഴയും കൊള്ളാനാണ് മുട്ടിലിലെ ബസ്യാത്രക്കാരുടെ വിധി. കല്‍പറ്റക്കും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലെ സുപ്രധാന സ്റ്റോപ്പുകളിലൊന്നായ മുട്ടില്‍ ടൗണിലുള്ള ബസ്സ്റ്റോപ് പഞ്ചായത്ത് അധികൃതര്‍ പൊളിച്ചിട്ട് ഒരുവര്‍ഷത്തോളമായി. തുടര്‍ന്നുവന്ന പുതിയ പഞ്ചായത്ത് ഭരണസമിതി യുദ്ധകാലാടിസ്ഥാനത്തില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. ഇപ്പോള്‍ വൃദ്ധരും കുട്ടികളുമടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ബസ് കാത്തുനില്‍ക്കുകയാണ്. കയറിനില്‍ക്കാന്‍ ഈ ഭാഗത്ത് പീടികത്തിണ്ണ പോലുമില്ലാത്തതിനാല്‍ ജനമനുഭവിക്കുന്ന ദുരിതമേറെ. മൂക്കിനുതാഴെ ജനം ഇവ്വിധം കഷ്ടപ്പെടുമ്പോള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. പുതിയ പഞ്ചായത്ത് ഓഫിസ് കം ഷോപ്പിങ് കോംപ്ളക്സിനൊപ്പം ബസ്സ്റ്റാന്‍ഡും നിര്‍മിക്കാനായിരുന്നു മുഖ്യ പദ്ധതി. നേരത്തേയുണ്ടായിരുന്ന ബസ്സ്റ്റോപ്പിന് തൊട്ടുപിന്നിലായിരുന്നു ഇത്. ബസ്സ്റ്റാന്‍ഡിനായി മണ്ണെടുത്ത് വേണ്ട സ്ഥലമൊക്കെ ഒരുക്കി വര്‍ഷങ്ങളായെങ്കിലും സ്റ്റാന്‍ഡിലേക്ക് ബസ് പ്രവേശിക്കുന്ന തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്ത വിഷയത്തില്‍ കഴിഞ്ഞ ഭരണസമിതിക്കെതിരെ സമരം നടത്തിയ ഇടതുപക്ഷം തുടര്‍ന്ന് ഭരണത്തിലേറിയെങ്കിലും പ്രശ്നപരിഹാരം ഇപ്പോഴും അകലെയാണ്. ചളിനിറഞ്ഞ സ്ഥലത്ത് ക്വാറി വേസ്റ്റ് ഇട്ടതുമാത്രമാണ് ആറുമാസത്തെ പുരോഗതി. അന്യായമായ അഡ്വാന്‍സും വാടകയും ചോദിക്കുന്നതിനാല്‍ ഷോപ്പിങ് കോംപ്ളക്സിലെ കടമുറികളൊന്നും ഇതുവരെ ലേലത്തില്‍ പോയിട്ടുമില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞൊഴിയാതെ, തങ്ങളുടെ ബുദ്ധിമുട്ടു പരിഗണിച്ച് സത്വര പരിഗണനനല്‍കി ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ വേനലില്‍ മുഴുവന്‍ തങ്ങളെ പൊരിവെയിലില്‍ നിര്‍ത്തിയ പഞ്ചായത്ത് അധികൃതര്‍ മഴക്കാലത്തും ഈ നിലപാടു തുടരുമോയെന്നതിലാണ് അവരുടെ ആശങ്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.