ഡാമില്‍ വെള്ളം സുലഭം: കുടിവെള്ളം മുട്ടി പടിഞ്ഞാറത്തറ

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ അണക്കെട്ടില്‍ വെള്ളം സുലഭമായുള്ളപ്പോഴും സമീപഗ്രാമങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പേരാല്‍, കാപ്പുണ്ടിക്കല്‍, പടിഞ്ഞാറത്തറ, പുതുശ്ശേരിക്കടവ്, ഞേര്‍ളേരി, വീട്ടിക്കാമൂല ഗ്രാമങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. ഡാമിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശങ്ങളിലെ കിണറുകള്‍ എല്ലാം വറ്റിത്തുടങ്ങി. തോടുകളും പുഴകളും വേനലിന്‍െറ തുടക്കത്തില്‍തന്നെ വറ്റിയിരുന്നു. ആദിവാസികളടക്കം ദൂരെ സ്ഥലങ്ങളില്‍നിന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. വരള്‍ച്ച എന്തെന്നറിയാത്ത വയനാട്ടിലെ പ്രദേശങ്ങളിലൊന്നായിരുന്നു പേരാല്‍. ഇവിടെ കടുത്ത വരള്‍ച്ചയാണ് ഇത്തവണ അനുഭവപ്പെട്ടത്. കാര്‍ഷികവിളകളെല്ലാം കരിഞ്ഞുണങ്ങിത്തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഏക്കര്‍കണക്കിന് വാഴ, പച്ചക്കറി കൃഷികളെല്ലാം നാശത്തിന്‍െറ വക്കിലാണ്. പുഴയും തോടും വറ്റിവരണ്ടുകിടക്കുന്നതിനാല്‍ ജലസേചനസൗകര്യങ്ങളൊന്നും ഇവിടെയില്ല. ബാണാസുര ഡാമിന്‍െറ നിര്‍മാണത്തിനുവേണ്ടി നീരൊഴുക്കുകളെല്ലാം തടഞ്ഞ് ഡാമിലേക്ക് തിരിച്ചുവിട്ടതാണ് പുഴകള്‍ നശിക്കാന്‍ ഇടയാക്കിയത്. ഡാം നിറഞ്ഞുകവിയുന്ന മഴക്കാലത്ത് മാത്രമാണ് ഈ പുഴകള്‍ നിറഞ്ഞൊഴുകാറുള്ളത്. ഒരു കിലോമീറ്റര്‍ അകലത്തില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന ഡാം സമീപവാസികള്‍ക്കുപോലും ആശ്രയമാകുന്നില്ല. കടുത്ത വരള്‍ച്ച നേരിടുന്ന സമയത്ത് ഡാമില്‍നിന്ന് വെള്ളം കൃഷിക്കും മറ്റുമായി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണസമയത്ത് പറഞ്ഞ വാഗ്ദാനങ്ങള്‍ ഫയലിലുറങ്ങുമ്പോള്‍ കുടിവെള്ളമടക്കം മുട്ടിക്കുന്ന തരത്തിലുള്ള ഡാമിന്‍െറ പ്രവര്‍ത്തനം പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.