വൈത്തിരി: തിരക്കേറിയ ദേശീയപാത 212ല്‍ ലക്കിടിക്കും കല്‍പറ്റക്കുമിടയില്‍ അപകടങ്ങള്‍ പതിവാകുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാവുന്നത്. വാഹനങ്ങളുടെ ബാഹുല്യവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതോളം വാഹനാപകടങ്ങളിലായി അഞ്ചു ജീവനുകളാണ് ഈ റൂട്ടില്‍ മാത്രം പൊലിഞ്ഞത്. ഇരുപതില്‍പരം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വിഷു ദിവസം വൈത്തിരി ചേലോടിന് സമീപം അമിതവേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസിടിച്ച് പടിഞ്ഞാറത്ത സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചതാണ് ഒടുവിലായി നടന്ന ദുരന്തം. മാസങ്ങള്‍ക്ക് മുമ്പ് പഴയ വൈത്തിരിയില്‍ രണ്ടു വയസ്സുകാരി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചിരുന്നു. പൊലീസ് സ്റ്റേഷനു സമീപം ലോറിയിടിച്ച് ഓട്ടോറിക്ഷ യാത്രികയും കാല്‍നട യാത്രക്കാരനും മരിച്ചു. തിരക്കേറിയ റോഡില്‍ മിക്ക ദിവസങ്ങളിലും ചെറുതും വലുതുമായ അപകടങ്ങള്‍ നടക്കുന്നുണ്ട്. റോഡ് നല്ല നിലവാരത്തില്‍ ടാറിങ് നടത്തിയെങ്കിലും വളവുകള്‍ അതേപടി നിലനില്‍ക്കുകയാണ്. പലയിടത്തും ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകളും വരമ്പുകളുമില്ല. ദേശീയപാതക്ക് സമീപം പ്രധാന പാലങ്ങളും നടപ്പാതകളും അപകടക്കെണികളാവുന്നുണ്ട്. വൈത്തിരി കുന്നത്തുപാലം ഇത്തരത്തില്‍ ഏറെ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് കല്യാണ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ് കുന്നത്ത് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും കഴിഞ്ഞവര്‍ഷം നിയന്ത്രണംവിട്ട ലോറി പാലത്തിലിടിച്ച് കൈവരികള്‍ പൂര്‍ണമായും തകരുകയും ചെയ്തു. അപകടം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പാലത്തിന്‍െറ കൈവരികള്‍ നിര്‍മിക്കാതായതോടെ കാല്‍നടയാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. ബസുകളും ലോറികളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ അമിതവേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോഴോ, വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോഴോ ആണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാവുന്നത്. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ളെന്നതും മരണസംഖ്യ കൂടാന്‍ കാരണമാകുന്നു. പരിക്കേല്‍ക്കുന്നവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിക്കുക. എന്നാല്‍, സുസജ്ജമായ അത്യാഹിത വിഭാഗമോ, ട്രോമാ കെയര്‍ യൂനിറ്റോ ഇവിടെയില്ല. അതിനാല്‍, പ്രഥമശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.