വോട്ടര്‍മാരെ കാണാന്‍ പൊരിവെയിലിലും

കല്‍പറ്റ: വോട്ടര്‍മാരെ കാണാന്‍ പൊരിവെയില്‍ വകവെക്കാതെ സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള തിടുക്കത്തിലാണ് സ്ഥാനാര്‍ഥികള്‍. നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാര്‍ ശനിയാഴ്ച തോട്ടംമേഖലയില്‍ പര്യടനം നടത്തി. ചുളുക്ക എസ്റ്റേറ്റ്, നെല്ലിമുണ്ട എസ്റ്റേറ്റ്, മേപ്പാടി ടൗണ്‍ എന്നിവിടങ്ങളില്‍ തൊഴിലാളികളെ നേരില്‍കണ്ട് വോട്ടുചോദിച്ചു. വടുവഞ്ചാലില്‍ മൂപ്പൈനാട് മണ്ഡലം ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍, ഓടത്തോട് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സമാപനം എന്നിവയിലും ശ്രേയാംസ്കുമാര്‍ പങ്കെടുത്തു. യു.ഡി.എഫ് നേതാക്കളായ ടി. ഹംസ, പി.കെ. അനില്‍കുമാര്‍, ബി. സുരേഷ് ബാബു, യു. അഹമ്മദ് കുട്ടി, അനില തോമസ്, എന്‍. വേണുഗോപാല്‍, ഗോകുല്‍ദാസ് കോട്ടയില്‍, എ. മുഹമ്മദാലി, എന്‍. സുലൈമാന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. മാനന്തവാടി: മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മി മാനന്തവാടിയില്‍ പര്യടനം നടത്തി. ശനിയാഴ്ച വോട്ടഭ്യര്‍ഥനയുമായി മന്ത്രി ജയലക്ഷ്മി മാനന്തവാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി. ബസ് കാത്തുനിന്ന ഓരോരുത്തരോടായി കുശലംപറഞ്ഞും സ്നേഹംനിറഞ്ഞ പുഞ്ചിരിയോടെ അനുഗ്രഹംവാങ്ങിയും മന്ത്രി വോട്ടഭ്യര്‍ഥിച്ചു. മാനന്തവാടി ടൗണിലെ പര്യടനത്തിനുശേഷം വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു. കെല്ലൂര്‍ അഞ്ചാംമൈലില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുകയും അഞ്ചാംമൈലിലെ വോട്ടര്‍മാരെ നേരിട്ട് കാണുകയും ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലാണ് പര്യടനം. തലപ്പുഴയില്‍ നടക്കുന്ന പഞ്ചായത്തുതല കണ്‍വെന്‍ഷനിലും സ്ഥാനാര്‍ഥി പങ്കെടുക്കും. പുല്‍പള്ളി: കുടിയേറ്റ മേഖലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍െറ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കമായി. കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്ന് ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. രാവിലെ പുല്‍പള്ളി ടൗണില്‍നിന്ന് ആരംഭിച്ച രണ്ടാംഘട്ട പ്രചാരണപരിപാടിക്ക് യു.ഡി.എഫ് നേതാക്കളും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു. പുല്‍പള്ളി, ആടിക്കൊല്ലി, അമരക്കുനി, കാപ്പിസെറ്റ്, മരകാവ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പ്രചാരണ പരിപാടി. പുല്‍പള്ളി: ബത്തേരി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ ശനിയാഴ്ച രാവിലെ പാക്കം, തിരുമുഖം, ഇല്ലിയമ്പം കുറുമ കോളനികളിലെ കുടുംബാംഗങ്ങളോട് വോട്ടഭ്യര്‍ഥിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചത്. തിരുമുഖം കോളനിയിലെ കുറുമ രാജാവ് പിട്ട മൂപ്പന്‍ രുഗ്മിണിയെ ഗോത്രാചാരപ്രകാരം സ്വീകരിച്ചു. തുടര്‍ന്ന് പുല്‍പള്ളി ടൗണിലത്തെി കച്ചവട സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആശുപത്രി എന്നിവിടങ്ങളിലെല്ലാം വോട്ടഭ്യര്‍ഥിച്ചു. വേലിയമ്പം, പുല്‍പള്ളി മേഖലയിലെ വരള്‍ച്ച, കാര്‍ഷികപുരോഗതി, ടൗണിലെ ട്രാഫിക് പരിഷ്കരണം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കുമെന്ന് സ്ഥാനാര്‍ഥി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.