കോയമ്പത്തൂര്‍: മദ്യനിരോധ മുദ്രാവാക്യമുയര്‍ത്തിയും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയും കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ സി.പി.ഐ (മാവോവാദി) പോസ്റ്ററുകള്‍ വ്യാപകം. നീലഗിരി ജില്ലയിലെ നെടുക്കല്‍ കമ്പൈ ഗ്രാമത്തില്‍ മാവോവാദികള്‍ പൊതുയോഗം നടത്തുകയും ചെയ്തിരുന്നു. യഥാര്‍ഥ ജനകീയ ഭരണം നടപ്പാക്കാന്‍ ‘പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി’യെ പിന്തുണക്കണമെന്നാണ് ഇവര്‍ ഗ്രാമവാസികളോട് ആവശ്യപ്പെട്ടത്. ആനക്കട്ടിയില്‍ തമിഴ്നാട് സര്‍ക്കാറിന്‍െറ ടാസ്മാക് മദ്യഷോപ്പിനെതിരെ തായ്ക്കുല സംഘം നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് മാവോവാദി സംഘടന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നതായി കേന്ദ്ര-സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനമുള്ള തമിഴിലും മലയാളത്തിലുമുള്ള പോസ്റ്ററുകളും ലഘുലേഖകളും പശ്ചിമഘട്ട മലനിരകളുടെ താഴ്വാര പ്രദേശങ്ങളില്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നും അല്ലാത്തപക്ഷം മദ്യഷോപ്പുകള്‍ ഇല്ലാതാക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ പശ്ചിമഘട്ട മലമ്പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് മാവോവാദി സംഘടനകള്‍ നടത്തുന്നതെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. മാവോവാദികളുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണ മുദ്രാവാക്യത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി സംസ്ഥാനാതിര്‍ത്തി ഗ്രാമങ്ങളിലെ മാവോ ഭീഷണിയുള്ള ബൂത്തുകളുടെ പട്ടിക തയാറാക്കി പ്രത്യേക സായുധ സേനയെ നിയോഗിക്കും. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോവാദി നേതാക്കളായ രൂപേഷ്-ഷൈന ദമ്പതികള്‍ ഉള്‍പ്പെട്ട സംഘവും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.