വേനല്‍ച്ചൂട്: ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നു

മാനന്തവാടി: മുമ്പെങ്ങുമില്ലാത്ത വിധം ഇത്തവണ വേനല്‍ച്ചൂട് കടുത്തതോടെ ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ജനുവരി 16 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം 56 പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടികൂടിയിരിക്കുന്നത്. കഴിഞ്ഞതവണ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം 77 പേര്‍ക്കാണ് ടൈഫോയ്ഡ് ഉണ്ടായതെങ്കില്‍ ഇത്തവണ 81 പേര്‍ക്ക് സ്ഥിരീകരിച്ചു. പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് ഈ രോഗം വ്യാപകമായി കാണുന്നത്. ഇത്തവണ 3642 പേര്‍ക്ക് വയറിളക്ക രോഗം പിടിപെട്ടപ്പോള്‍ കഴിഞ്ഞതവണ 3051 പേര്‍ക്കാണ് രോഗമുണ്ടായത്. കഴിഞ്ഞതവണ 11 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചതെങ്കില്‍ ഇത്തവണ 27 പേര്‍ക്ക് സ്ഥിരീകരിച്ചു. രോഗം പടര്‍ന്നുപടിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിനും മുമ്പും പിമ്പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, അടച്ചുസൂക്ഷിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ മാത്രം ഉപയോഗിക്കുക, തണുത്തതും പഴകിയും പൂര്‍ണമായും ഒഴിവാക്കുക. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശീതളപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക, ഹോട്ടലുകളില്‍ ജലശുദ്ധീകരണം ഉറപ്പുവരുത്തുക, ഇതിനായി വെള്ളം പരിശോധനക്ക് വിധേയമാക്കുക, കിണറുകളിലും പരിസരങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, കൊതുകുകളെ ഉറവിടത്തില്‍തന്നെ നശിപ്പിക്കുക, എലിപ്പനി പിടികൂടാതിരിക്കാന്‍ കൃഷി സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇത്തവണ 46 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞതവണ 16 പേര്‍ക്കാണ് ഉണ്ടായിരുന്നത്. കഴിഞ്ഞതവണ ആറുപേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചപ്പോള്‍ ഇത്തവണ ഏഴുപേര്‍ക്ക് മാത്രമാണുണ്ടായത്. കഴിഞ്ഞതവണയും ഇത്തവണയും കോളറ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആറുപേര്‍ക്ക് കഴിഞ്ഞതവണ ചെള്ള് പനി സ്ഥിരീകരിച്ചപ്പോള്‍ ഇത്തവണ 38 ആയി വര്‍ധിച്ചു. കഴിഞ്ഞതവണ 11 പേരുടെ മരണത്തിനിടയാക്കിയ കുരങ്ങുപനി ഇത്തവണ പൂര്‍ണമായും നിയന്ത്രണവിധേയമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമ്പതുപേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.