കോയമ്പത്തൂര്‍ സൗത് കോണ്‍ഗ്രസിന്; ഡി.എം.കെ ക്യാമ്പില്‍ നിരാശ

കോയമ്പത്തൂര്‍: നഗരത്തിലെ കോയമ്പത്തൂര്‍ സൗത് മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ ഡി.എം.കെ ക്യാമ്പില്‍ നിരാശ. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും വടംവലി തുടങ്ങി. കോയമ്പത്തൂര്‍ നഗരത്തിന്‍െറ ഹൃദയഭാഗത്തുള്ള ഈ മണ്ഡലത്തില്‍ ന്യൂനപക്ഷങ്ങളും സര്‍ക്കാര്‍ ജീവനക്കാരും വ്യാപാരി കുടുംബങ്ങളുമാണ് കൂടുതലായുള്ളത്. ദ്രാവിഡ കക്ഷികള്‍ക്ക് തുല്യ സ്വാധീനമുള്ള വിസ്തൃതി കുറഞ്ഞ മണ്ഡലത്തില്‍ വോട്ടര്‍മാരും കുറവാണ്. ഇതുകാരണം മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്നണികളിലെ സീറ്റ്മോഹികള്‍ താല്‍പര്യം കാണിക്കാറുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ ഇവിടെ കുറഞ്ഞ വ്യത്യാസത്തിനാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയുടെ ജയം നിര്‍ണയിക്കപ്പെട്ടത്. ഇതുകാരണം ഡി.എം.കെയിലെ നിരവധി പേര്‍ ഈ മണ്ഡലത്തില്‍ നോട്ടമിട്ടിരുന്നു. ഡി.എം.കെ മുന്‍മന്ത്രിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ പൊങ്കല്ലൂര്‍ പളനിച്ചാമിയുടെ മകന്‍ പൈന്തമിഴ് പാരി, മരുമകന്‍ ഗോകുല്‍, ജില്ലാ സെക്രട്ടറി വീരഗോപാല്‍ തുടങ്ങിയ നിരവധി പേര്‍ ഇവിടെ മത്സരിക്കാന്‍ മുന്നോട്ടുവന്നിരുന്നു. പൊങ്കല്ലൂര്‍ പളനിച്ചാമിയുടെയും വീരഗോപാലിന്‍െറ നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകള്‍ പാര്‍ട്ടിക്കകത്ത് സജീവമാണ്. ഈ സാഹചര്യത്തിലാണ് ഡി.എം.കെ നേതൃത്വം തന്ത്രപൂര്‍വം സീറ്റ് കോണ്‍ഗസിന് കൈമാറിയത്. കോയമ്പത്തൂര്‍ കോzഗ്രസിലെ ചിദംബരം ഗ്രൂപ്പുകാരായ ശോഭന ശെല്‍വം, ധാരാഷബി, എം.എന്‍. കന്തസ്വാമി എന്നിവര്‍ കോയമ്പത്തൂര്‍ സൗത് സീറ്റ് തരപ്പെടുത്തുന്നതിന് പിടിവലി നടത്തുകയാണ്. ജില്ലാ കോണ്‍ഗസ് പ്രസിഡന്‍റ് വി.എം. മനോഹരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്തത് അണ്ണാ ഡി.എം.കെക്ക് അല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഡി.എം.കെ മത്സരിച്ചിരുന്നുവെങ്കില്‍ അണ്ണാ ഡി.എം.കെക്ക് വിജയം എളുപ്പമാവില്ളെന്നതാണ് ഇതിന് കാരണം. ബി.ജെ.പിയും ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണിത്. അവരുടെ സ്ഥാനാര്‍ഥിയായ വാനതി ശ്രീനിവാസന്‍ ആഴ്ചകള്‍ക്ക് മുമ്പേ ഇവിടെ പ്രചാരണം തുടങ്ങിയിരുന്നു. തമിഴ്നാട് ബി.ജെ.പി വൈസ് പ്രസിഡന്‍റും പാര്‍ട്ടി വക്താവുമാണ് വാനതി ശ്രീനിവാസന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.