കുടുംബശ്രീ വിഷുച്ചന്തകള്‍ തുടങ്ങി

കല്‍പറ്റ: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന സന്ദേശവുമായി കുടുംബശ്രീ ജില്ലാ മിഷന്‍െറ നേതൃത്വത്തില്‍ വിഷുച്ചന്തകള്‍ ആരംഭിച്ചു. ജില്ലയിലെ 26 സി.ഡി.എസുകളിലും ആരംഭിച്ച ചന്തകളില്‍ തിരക്കേറി. പച്ചക്കറികള്‍, മായം ചേര്‍ക്കാത്ത ഭക്ഷ്യോല്‍പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, മസാലപ്പൊടികള്‍, കുത്തരി തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ചന്തകളിലൂടെ ലഭിക്കും. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചന്തകള്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ ജെ.എല്‍.ജികളുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികള്‍, നാടന്‍ കുത്തരി എന്നിവക്ക് ആവശ്യക്കാരേറെയാണ്. ഇടിച്ചക്ക, കണിക്കൊന്ന, കറിവേപ്പില, ചക്കകൊണ്ടുള്ള വിവിധതരം ഭക്ഷ്യവിഭവങ്ങള്‍, പായസ മേള, ബേക്കറി ഉല്‍പന്നങ്ങള്‍, നാടന്‍ കോഴി, അപ്പാരല്‍ പാര്‍ക്ക് ഉല്‍പന്നങ്ങള്‍, ബ്രാന്‍ഡ് ചെയ്ത ഹോം ഷോപ് ഉല്‍പന്നങ്ങള്‍, ഹെയര്‍ ഓയില്‍, വിവിധതരം ലോഷനുകള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ചന്തകളില്‍നിന്ന് ലഭിക്കും. ജിവിതശൈലീ രോഗനിര്‍ണയത്തിനായി സാന്ത്വനം കൗണ്ടര്‍ പ്രധാന ചന്തകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ മാത്രമായിരിക്കും ചന്തകളില്‍ വില്‍പന നടത്തുക. ജില്ലയിലെ മുഴുവന്‍ ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, സമഗ്ര യൂനിറ്റുകള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ചന്തയില്‍ ലഭ്യമാണ്. ബുധനാഴ്ച വൈകീട്ട് ചന്ത അവസാനിക്കും. കല്‍പറ്റ വിജയാ പമ്പ് പരിസരത്ത് ആരംഭിച്ച ജില്ലാതല വിഷുച്ചന്ത ലീഡ് ബാങ്ക് മാനേജര്‍ എം.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍മാരായ കെ.പി. ജയചന്ദ്രന്‍, കെ.എ. ഹാരിസ്, കണ്‍സല്‍ട്ടന്‍റുമാരായ പി.കെ. സുഹൈല്‍, എസ്. ഷീന, ബ്ളോക് കോഓഡിനേറ്റര്‍മാരായ സി.ടി. ഹുനൈസ്, അജയ്ദാസ്, പി. ഹുദൈഫ്, വിവിധ സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.