പനമരത്തെ കാര്‍ഷിക വിപണന കേന്ദ്രം ജലരേഖയായി

പനമരം: കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പനമരത്ത് സ്ഥാപിക്കാനിരുന്ന കാര്‍ഷിക വിപണന കേന്ദ്രം ജലരേഖയായി. പത്ത് വര്‍ഷം മുമ്പ് കൃഷി വകുപ്പായിരുന്നു ഇതിനായി മുന്നിട്ടിറങ്ങിയത്.കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍ക്കാനുള്ള ഒരു കേന്ദ്രമായിരുന്നു കാര്‍ഷിക വിപണന കേന്ദ്രംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ലക്ഷങ്ങള്‍ മുടക്കി പനമരം നിര്‍മിതി കേന്ദ്രം റോഡരികില്‍ കെട്ടിടവും പണിതു. കെട്ടിടം പണിക്കുശേഷം കൃഷി അധികാരികള്‍ക്ക് സ്ഥാപനത്തോട് താല്‍പര്യമില്ലാത്ത സാഹചര്യമുണ്ടായി . തുടര്‍ന്ന് കുറെക്കാലം കെട്ടിടം ഉപയോഗമില്ലാതെ കിടന്നു. 2010ല്‍ പനമരം ബ്ളോക് പഞ്ചായത്ത് രൂപവത്കരിച്ചതോടെ കുറച്ചുകാലം ബ്ളോക് പഞ്ചായത്ത് ഓഫിസ് ഇതിലായിരുന്നു. പിന്നീടാണ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് വന്നത്. ഇപ്പോഴും കെട്ടിടത്തില്‍ ത്രിവേണി മാര്‍ക്കറ്റാണുള്ളത്. കര്‍ഷകര്‍ക്കായി പണിത കെട്ടിടംകൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. ജൈവ കൃഷി പ്രോത്സാഹനവും വിപണന കേന്ദ്രത്തിന്‍െറ ലക്ഷ്യമായിരുന്നുവെന്ന് അന്നത്തെ കൃഷിവകുപ്പിലെ ഉന്നതര്‍ പറഞ്ഞിരുന്നു. സ്ഥാപനം വഴിമാറിപ്പോയതിന്‍െറ കാരണം ഇപ്പോഴും അജ്ഞാതമാണ്. തുടക്കത്തില്‍ പനമരത്തെ ഏതാനും പാടശേഖര സമിതികള്‍ സ്ഥാപനം ഇല്ലാതായത് സംബന്ധിച്ച് രംഗത്തുവന്നിരുന്നു. പിന്നീട് ആര്‍ക്കും താല്‍പര്യമില്ലാതായി. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് പനമരം വാടോച്ചാലിലും ലക്ഷങ്ങള്‍ മുടക്കി കെട്ടിടം പണിതിട്ടുണ്ട്. ഇവിടത്തെ ‘സുഗന്ധവിള നെല്ല് കുത്ത് മില്ല്’ കൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.