മാനന്തവാടി നഗരം മഞ്ഞപ്പിത്ത ഭീതിയില്‍

മാനന്തവാടി: കടുത്ത വേനലിനെ തുടര്‍ന്ന് മാനന്തവാടി നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഇതോടെ മഞ്ഞപ്പിത്ത രോഗം പടര്‍ന്നുപിടിക്കുമെന്ന ആശങ്ക ഉയര്‍ന്നു. കഴിഞ്ഞ കുറച്ചു ദിവസമായി പട്ടാളത്തിലേക്കുള്ള റിക്രൂട്ട്മെന്‍റ് റാലി നടക്കുന്നതിനാല്‍ ധാരാളം ആളുകള്‍ മാനന്തവാടിയിലത്തെുന്നുണ്ട്. ഒരു ദിവസം രണ്ടായിരത്തോളം പേരാണ് എത്തുന്നത്. ഇവര്‍ താമസിക്കുന്നതിനും കുളിക്കാനും പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും ലോഡ്ജുകളെയും സ്കൂളുകളെയുമാണ് ആശ്രയിക്കുന്നത്. ഭക്ഷണത്തിനായി ഹോട്ടലുകളെയും ആശ്രയിക്കുന്നു. ഇതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണം. കിണറുകളിലെയും മറ്റും ജലവിതാനം ക്രമാതീതമായി താഴ്ന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വെള്ളമെടുക്കുന്നത് കര്‍ശനമായി നിരോധിക്കുന്നുണ്ട്. പൈപ്പ് പൊട്ടല്‍ പതിവായതോടെ ജലവിഭവ വകുപ്പിനെ ആശ്രയിക്കുന്ന ഹോട്ടലുകളും ലോഡ്ജുകളുമാണ് ഏറെ വലഞ്ഞിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ കുടിവെള്ള ക്ഷാമമുണ്ടാവുകയും ഒരു ഹോട്ടലില്‍ നിന്ന് ചായ കഴിച്ച വ്യക്തി മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചതോടെയാണ് മഞ്ഞപ്പിത്തം പടരുന്നത് നിയന്ത്രിക്കാനായത്. സമാന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ജനങ്ങള്‍ കുടിവെള്ള സ്രോതസ്സുകളില്‍ ക്ളോറിന്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ശുചീകരിച്ചതിനുശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും കര്‍ശനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശീതളപാനീയങ്ങളുടെ ഉപയോഗം പരമാവധി കുറക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.