വൈത്തിരി: വേനല്‍ കനത്തതോടെ മലയോര മേഖലയിലെ ചെറുനീരുറവകളും അരുവികളും വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമായി. മലയോര മേഖലകളിലെ ചെറുകിട കുടിവെള്ള പദ്ധതികളില്‍ നിന്ന് ജനത്തിന് വെള്ളം കിട്ടുന്നുമില്ല. പൊഴുതന, മേപ്പാടി, വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഭാഗങ്ങളിലാണ് കുടിവെള്ളപ്രശ്നം അതിരൂക്ഷമാകുന്നത്. മഴക്കാലത്ത് സമൃദ്ധമായിരുന്ന നീരുറവകള്‍ വേനല്‍ ശക്തമായതോടെ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. പലയിടങ്ങളിലും ചെറുകിട ജലസേചനപദ്ധതികള്‍ ഉണ്ടെങ്കിലും മിക്കവയും പ്രവര്‍ത്തന രഹിതമാണ്. യഥാസമയം അറ്റകുറ്റപണികള്‍ ചെയ്യാതെയും വൈദ്യുതി ബില്ലുകള്‍ അടക്കാത്തതും കാരണം ഇത്തരം ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചു. വേനല്‍ക്കാലത്ത് വരള്‍ച്ച നേരിടുമ്പോള്‍ കൃഷി ആവശ്യത്തിനായി തരിയോട് പഞ്ചായത്തിലെ കര്‍ലാട് ജങ്ഷനില്‍ നിര്‍മിച്ച ചെക്ഡാമിന്‍െറ പ്രവര്‍ത്തനം വര്‍ഷങ്ങളായി നിലച്ചിരിക്കുകയാണ്. പൊഴുതന പഞ്ചായത്തിലെ മുത്താരിക്കുന്നില്‍ 2014 വര്‍ഷത്തില്‍ ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച ജലനിധി കുടിവെള്ളപദ്ധതിയും കാര്യക്ഷമമല്ല. നിലവില്‍ 150 കുടുംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മേപ്പാടി, വൈത്തിരി പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ പുത്തുമലയിലും ചുണ്ടേല്‍ ഡിവിഷനിലും കുടിവെള്ളപ്രശ്നം അതിരൂക്ഷമാണ്. ഇവിടെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ മാത്രമായി ചുരുങ്ങി. നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി തോട്ടങ്ങള്‍ നനക്കുന്നതിനായി വന്‍കിടക്കാര്‍ പുഴയില്‍നിന്ന് വെള്ളം എടുക്കുന്നതും കുടിവെള്ള ക്ഷാമത്തിന് കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.