ഹൈറേഞ്ച് മേഖലയില്‍ കാട്ടുതീ; ജൈവമണ്ഡലങ്ങള്‍ ഭീഷണിയില്‍

വൈത്തിരി: വേനല്‍ കനത്തതോടെ മലയോരമേഖലയില്‍ കാട്ടുതീ വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സൗത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്ന സുഗന്ധഗിരി സെക്ഷന്‍െറ കീഴിലുള്ള ചെന്നായ്ക്കവല, കല്ലൂര്‍, മാങ്ങപ്പാടി, കുറിച്യര്‍മല തുടങ്ങിയ പ്രദേശങ്ങളിലെ ഹെക്ടറുകണക്കിന് വനമാണ് കത്തിനശിച്ചത്. ഇത് വനത്തിലെ ജൈവമണ്ഡലങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. വനത്തിലെ അത്യപൂര്‍വസസ്യങ്ങളും ചെറുജീവികളും കാട്ടുതീയില്‍ അകപ്പെട്ട് നശിക്കുന്നതുതടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കും. കാട്ടുതീ പടരുന്നത് വന്യമൃഗങ്ങളുടെ കാടിറക്കത്തിന് വഴിവെക്കുമെന്ന ഭീതിയിലാണ് വനാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കാട്ടുതീയെ തുടര്‍ന്ന് ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാര്‍ഷികവിളകള്‍ക്ക് നാശംവരുത്തിയിരുന്നു. കഠിനമായ വെയിലും കാറ്റും മൂലം തീ കൂടുതല്‍ മേഖലയിലേക്ക് പടരുകയാണ്. രണ്ടു ദിവസമായി ഇടവിട്ട് വേനല്‍മഴ ലഭിച്ചിരുന്നെങ്കിലും ചൂടിന്‍െറ കാഠിന്യം ഏറുകയാണ്. തീ പടരുന്നത് പലപ്പോഴും രാത്രികാലങ്ങളിലായതിനാല്‍ കാട്ടുതീ നിയന്ത്രിക്കാന്‍ വനപാലകര്‍ക്ക് കഴിയുന്നില്ല. തീ തടയാനുള്ള വനംവകുപ്പിന്‍െറ ശ്രമം പലപ്പോഴും വിഫലമാകുന്നതായി നാട്ടുകാര്‍ പറയുന്നു. തീ കെടുത്താനുള്ള സാങ്കേതികവിദ്യയോ ശാസ്ത്രീയ ഉപകരണങ്ങളോ ഇല്ലാത്തതിനാല്‍ വനപാലകര്‍ നിസ്സഹായരാണ്. കാട്ടുതീവ്യാപനം തടയുന്നതിന് വനസംരക്ഷണ സമിതികള്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.