കല്‍പറ്റ: പ്രണയിച്ച് വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) ചുമത്തി ജയിലിലടക്കുന്നത് ഒഴിവാക്കണമെന്ന് അധിനിവേശ പ്രതിരോധസമിതി സംസ്ഥാന പ്രസിഡന്‍റ് ഡോ. ആസാദ്, സെക്രട്ടറി വി.കെ. സുരേഷ്, കെ.സി. ഉമേഷ് ബാബു, കെ.കെ. അശോക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ആദിവാസിയുവാക്കളെ സഹായിക്കുന്നതിനായി രൂപവത്കരിച്ച സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ സമരപരിപാടികളുടെ ഭാഗമായി ഏപ്രില്‍ 11ന് പോക്സോ കോടതിയിലേക്ക് നടത്തുന്ന ബഹുജനമാര്‍ച്ചിന് അധിനിവേശ പ്രതിരോധസമിതി പിന്തുണ പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്നും സമരത്തിന് പൊതുജനം പിന്തുണ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ പോക്സോ നിയമം സ്വാഗതാര്‍ഹമാണ്. ദൗര്‍ഭാഗ്യവശാല്‍, വയനാട്ടില്‍ അതു പ്രയോഗിക്കുന്നതില്‍ ഏറെ അപാകതയുണ്ട്. പോക്സോ നിയമത്തിന്‍െറ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ ആദിവാസികള്‍ക്കെതിരായ ആയുധമാക്കി അതിനെ മാറ്റുകയാണ്. പ്രായത്തെക്കുറിച്ചുപോലും ഗൗരവമായി ചിന്തിക്കാത്ത ഒരുസമൂഹം, പരമ്പരാഗതമായും ആചാരപരമായും നടത്തുന്ന കല്യാണങ്ങള്‍ക്കുമേല്‍ പോക്സോ ചാര്‍ത്തുന്നത് നീതീകരിക്കാനാവില്ല. ഈ നിയമത്തെക്കുറിച്ച് ഭരണകൂടം ആദ്യം അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടിയിരുന്നു. ശിശുവിവാഹം കേരളത്തിന്‍െറ മറ്റുപല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍, അവിടങ്ങളിലൊന്നും പോക്സോ ചാര്‍ത്തുന്നില്ല. എന്തുകൊണ്ട് ആദിവാസികളെമാത്രം ഇതിന്‍െറ പരിധിയില്‍പെടുത്തുന്നുവെന്നത് അന്വേഷിക്കണം. ബാലവിവാഹക്കുറ്റം ചുമത്തി കേസെടുക്കേണ്ട സ്ഥാനത്താണ് നിയമസംവിധാനങ്ങള്‍ വിവേചനപരമായി പെരുമാറുന്നത്. പോക്സോ പ്രകാരം ചാര്‍ജ് ചെയ്യപ്പെട്ട കേസില്‍ ആദിവാസികള്‍ക്ക് കോടതികള്‍ 40 വര്‍ഷംവരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ ഏറെയാണ്. പ്രായപൂര്‍ത്തിയാകും മുമ്പേ ആദിവാസി യുവതീയുവാക്കള്‍ ബന്ധുക്കളുടെയും വീട്ടുകാരുടെയും അറിവോടെയാണ് വിവാഹിതരായി ഒന്നിച്ച് താമസിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നതല്ല. ഒരുതരത്തിലുള്ള അതിക്രമവും അവര്‍ നടത്തുന്നില്ല. ആദിവാസികള്‍ക്ക് ഭരണഘടന വെവ്വേറെ പരിഗണന നല്‍കുന്ന സ്ഥാനത്താണ് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ, വംശനാശഭീഷണി നേരിടുന്ന ജനതയോട് സര്‍ക്കാര്‍ ഈവിധം പ്രതികാര നടപടിയെടുക്കുന്നതെന്നും സമിതിനേതാക്കള്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.