മാനന്തവാടി: വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ മക്കിമല മുനീശ്വരന്‍കുന്നിലും തിരുനെല്ലി ബ്രഹ്മഗിരി മലയിലും ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നു. രണ്ടിടങ്ങളിലും രണ്ടുപേര്‍ക്ക് വീതം താമസിക്കാവുന്ന അഞ്ചുവീതം ഹട്ടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലാണ് നിര്‍മാണം. ബയോ ടോയ്ലറ്റ്, സോളാര്‍ ലൈറ്റ്, വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ വൈദ്യുതി കമ്പിവേലി എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. മക്കിമല വനസംരക്ഷണ സമിതി, തിരുനെല്ലി വനസംരക്ഷണ സമിതി എന്നിവയുടെ മേല്‍നോട്ടത്തിലാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. രണ്ടു സ്ഥലങ്ങളിലും ആറു കി.മീ വീതം ട്രക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണമുള്‍പ്പെടെയുള്ള പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. രണ്ടുപേര്‍ക്ക് 4000 രൂപയാണ് ഫീസ്. ഗൈഡായി രണ്ടുപേരെയും ഭക്ഷണം പാകംചെയ്യാനായി രണ്ടുപേരെയും നിയോഗിക്കും. ഇവര്‍ ആദിവാസിവിഭാഗത്തില്‍ നിന്നുള്ളവരാണ്. ഒരു ഹട്ട് നിര്‍മാണത്തിന് രണ്ടു ലക്ഷം രൂപയാണ് ചെലവ്. വനംവകുപ്പ് സമര്‍പ്പിച്ച പദ്ധതി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നെന്ന് നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. പ്ളാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക ചെലവഴിക്കുന്നത്. വിനോദസഞ്ചാരികളെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് വെബ്സൈറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് ടൂറിസ്റ്റുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയാണ് ലക്ഷ്യം. ബ്രഹ്മഗിരിയിലെ ഹട്ടുകള്‍ വിഷുദിനത്തില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മുനീശ്വരന്‍കുന്നില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നമുറക്ക് തുറന്നുകൊടുക്കും. നിലവില്‍ മുനീശ്വരന്‍കുന്ന് കാണാന്‍ സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. പുതിയ ഇക്കോ ടൂറിസം സഞ്ചാരികള്‍ക്ക് ഏറെ അനുഗ്രഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.