രേഖകളില്ലാതെ പണം കടത്തല്‍: ഇതുവരെ പിടികൂടിയത് 33.36 ലക്ഷം

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി രൂപവത്കരിച്ച ഫ്ളയിങ് സ്ക്വാഡ് ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇതുവരെ പിടികൂടിയത് രേഖകളില്ലാതെ കടത്തിയ 33,36,000 രൂപ. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ അഞ്ചു വരെ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളിലായി സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ലക്കിടി, ബീനാച്ചി, ബോയ്സ് ടൗണ്‍ നിരവില്‍പ്പുഴ, വാളാംതോട്, മുത്തങ്ങ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍ ചാമിക്കുട്ടി, മാനന്തവാടി സ്പെഷല്‍ തഹസില്‍ദാര്‍ കെ.എം. രാജു, ബത്തേരി അഡീഷനല്‍ തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തിയത്. ഏറ്റവും വലിയ പണവേട്ട നടന്നത് മുത്തങ്ങ ചെക്പോസ്റ്റിലാണ്. 12.47 ലക്ഷം. മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറില്‍നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കല്‍പറ്റ, മാനന്തവാടി നിയോജക മണ്ഡലത്തില്‍ മൂന്നു തവണയും ബത്തേരി നിയോജകമണ്ഡലത്തില്‍ രണ്ടു തവണയുമാണ് രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്. കല്‍പറ്റ നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 22ന് - 1.94 ലക്ഷം, 29 ന് ഒരു ലക്ഷം, ഏപ്രില്‍ രണ്ടിന് മൂന്നു ലക്ഷം. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ രണ്ടിന് തലപ്പുഴ ബോയ്സ് ടൗണില്‍ വെച്ച് നാലു ലക്ഷം, ഏപ്രില്‍ നാലിന് മൂന്നു ലക്ഷം. അഞ്ചിന് അഞ്ചു ലക്ഷം. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 31ന് 2.95 ലക്ഷം. ഏപ്രില്‍ 2ന് 12,47,000. കാറിലും ബൈക്കിലുമായി കടത്തിയ പണമാണ് ഫ്ളയിങ് സ്ക്വാഡ് കണ്ടുകെട്ടിയത്. കേസ് ന്യായമാണെങ്കില്‍ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് പണം തിരികെ നല്‍കും. ഇതിനായി വയനാട്ടില്‍ അപ്പീല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടു കേസുകളില്‍ ഏഴു പേരും പണത്തിന്‍െറ രേഖകള്‍ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച മുറക്ക് പണം തിരികെ നല്‍കിയതായി അപ്പീല്‍ കമ്മിറ്റി കണ്‍വീനറും കലക്ടറേറ്റ് ഫിനാന്‍സ് ഓഫിസറുമായ എം.കെ. രാജന്‍ പറഞ്ഞു. ഇതേസമയം, മുത്തങ്ങ ചെക്പോസ്റ്റില്‍ വെച്ച് എക്സൈസ് സംഘം പിടികൂടിയ 12,47,000 രൂപ ആദായ നികുതി വകുപ്പിന് കൈമാറി. അമ്പതിനായിരം രൂപ മുതല്‍ പത്തു ലക്ഷം വരെയുള്ള കേസുകളാണ് അപ്പീല്‍ കമ്മിറ്റി തീര്‍പ്പാക്കുക. ഇതിന് മുകളില്‍ വരുന്ന തുക ആദായ നികുതി വകുപ്പിന് കൈമാറും. കലക്ടറേറ്റ് ഫിനാന്‍സ് ഓഫിസര്‍ എം.കെ. രാജന്‍ കണ്‍വീനറായ അപ്പീല്‍ കമ്മിറ്റിയില്‍ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, ജില്ലാ ട്രഷറി ഓഫിസര്‍ എന്നിവരാണ് അംഗങ്ങള്‍. സ്ക്വാഡുകള്‍ വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലും പരിശോധന ഊര്‍ജ്ജിതമായി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.