മത്സ്യക്കുളം നിര്‍മാണത്തിന്‍െറ മറവില്‍ മണല്‍ കടത്തിയ സംഘം പിടിയില്‍

കല്‍പറ്റ: മത്സ്യക്കുളം നിര്‍മാണത്തിന്‍െറ മറവില്‍ ജില്ലയില്‍ മണല്‍ക്കൊള്ള വ്യാപകമാകുന്നു. കൊളവയലില്‍ ഇത്തരത്തില്‍ കുളം കുഴിച്ച് മണല്‍ കടത്തിയ സംഘത്തെ പൊലീസ് ലോറിയടക്കം പിടികൂടി. കൊളവയല്‍ നെന്മേനിക്ക് സമീപം കുളം നിര്‍മിച്ച് മണല്‍ കടത്തിയവരെയാണ് പൊലീസ് പിടികൂടിയത്. നാല് ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു. വയലും പുഴയോരവുമിടിച്ച് നിരത്തിയാണ് ഇവിടെ മണല്‍ക്കൊള്ള. മത്സ്യ കൃഷിക്ക് കുളം കുഴിക്കാനെന്ന വ്യാജേനയാണ് അനുമതി വാങ്ങുന്നത്. പിന്നീട് ഇവിടെനിന്ന് വയലും പുഴയോരവും ഇടിച്ചുനിരത്തി മണല്‍ കടത്തുകയാണ് ചെയ്യുന്നത്. അമ്പതോളം ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിക്ക് സമീപത്തും ഇത്തരം പ്രവൃത്തികള്‍ നടത്തുന്നുണ്ട്. വയനാടിന്‍െറ വിവിധ ഭാഗങ്ങളില്‍ മത്സ്യകൃഷിക്കുള്ള കുളം നിര്‍മാണത്തിനു മറവില്‍ നടത്തുന്ന മണല്‍ക്കൊള്ള സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയവും അനിയന്ത്രിതവുമായ മണലൂറ്റ് കൊടിയ പരിസ്ഥിതി നാശത്തിനു പുറമെ സര്‍ക്കാറിനു കോടിക്കണക്കിനു രൂപയുടെ വരുമാനനഷ്ടത്തിനും കാരണമാകുകയാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ജില്ലയില്‍ വ്യാപകമായി മണല്‍ക്കൊള്ള. ഇതിന്‍െറ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ബത്തേരി മുനിസിപ്പാലിറ്റിയിലെ അമ്മായിപ്പാലത്തും മുട്ടില്‍ പഞ്ചായത്തിലെ കൊളവയലിലും നടന്ന മണലെടുപ്പ്. സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, പി.എം. സുരേഷ്, ബാബു മൈലമ്പാടി, എം. ഗംഗാധരന്‍, ബി. ഗംഗാധരന്‍, ഷൈലേന്ദ്രബാബു, ഗോകുല്‍ദാസ് തൊടുവട്ടി, വി.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.