അംഗവൈകല്യമുള്ളയാളുടെ വീടും സ്ഥലവും കൈവശപ്പെടുത്തുന്നുവെന്ന് പരാതി

കല്‍പറ്റ: അംഗവൈകല്യമുള്ള ആള്‍ക്ക് മാതാവ് നല്‍കിയ സ്ഥലവും വീടും ബന്ധുക്കള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപണം. തൃക്കൈപ്പറ്റ ഉപ്പുപാറ എലസം മുഹമ്മദ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. മുഹമ്മദിന്‍െറ മാതാവ് സ്വന്തം സ്ഥലത്തുനിന്ന് നാലുസെന്‍റ് മുഹമ്മദിന് നല്‍കിയിരുന്നു. ഇതില്‍ മേപ്പാടി പഞ്ചായത്തില്‍നിന്ന് വികലാംഗര്‍ക്കുള്ള ഭവനപദ്ധതിയില്‍നിന്നുള്ള തുക ഉപയോഗിച്ച് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് വീട് നിര്‍മിച്ചു. ഇവിടെയാണ് മുഹമ്മദും ഭാര്യയും മാതാവുമടങ്ങുന്ന കുടുംബം താമസിച്ചുവരുന്നത്. മുഹമ്മദിന്‍െറ മാതാവിന് അവരുടെ പിതാവ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയ 12.5 സെന്‍റ് ഭൂമിയില്‍നിന്നാണ് മുഹമ്മദിന് നാല് സെന്‍റ് ഭൂമി നല്‍കിയത്. എന്നാല്‍, വ്യാജരേഖകകളുണ്ടാക്കി ചില ബന്ധുക്കള്‍ ഭൂമിയും വീടും കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ചില ബന്ധുക്കള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചതായും മുഹമ്മദ് പറഞ്ഞു. ഇതുസംബന്ധിച്ച് മേപ്പാടി പൊലീസില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. ബന്ധുക്കളുടെ ഭീഷണിമൂലം മലപ്പുറത്ത് വീട് വാടകക്കെടുത്താണ് ഇപ്പോള്‍ താമസിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മേപ്പാടി സ്റ്റേഷനിലെ പൊലീസുകാരന്‍ വന്ന് നിര്‍ബന്ധിച്ച് അയാള്‍ പറയുന്ന മൊഴിയില്‍ ഒപ്പിടണമെന്ന് പറഞ്ഞു. ഇല്ളെങ്കില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചവരുള്‍പ്പെട്ട സര്‍ക്കാര്‍ ജോലിക്കാരനായ ആളെ കേസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി, വികലാംഗ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. വീട് ഇപ്പോള്‍ കാടുപിടിച്ച് നശിക്കുകയാണ്. വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്ന് മുഹമ്മദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.