കല്‍പറ്റ: പത്താം ശമ്പളപരിഷ്കരണ ഉത്തരവില്‍ നിലവിലുള്ള ശമ്പളം വെട്ടിക്കുറച്ചതിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് കെ.ജി.എം.ഒ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1980 മുതല്‍ കെ.ജി.എം.ഒ നടത്തിയ നിരവധി അവകാശസമരങ്ങളിലൂടെ നേടിയെടുത്തതാണ് നിലവിലെ അടിസ്ഥാന ശമ്പളവും അലവന്‍സുകളും. 2006ല്‍ സമരംചെയ്ത് ലഭിച്ച 3600 രൂപയുടെ വര്‍ധനവ് ഒമ്പതാം ശമ്പളപരിഷ്കരണ ഉത്തരവില്‍ 2011ല്‍ അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ചിരുന്നു. ഈ തുക പത്താം ശമ്പള പരിഷ്കരണ ഉത്തരവില്‍ വെട്ടിക്കുറച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് വിവിധ തസ്തികകളില്‍ നിലവിലെ ശമ്പളത്തില്‍നിന്ന് 4750 രൂപ മുതല്‍ 12,400 രൂപ വരെയാണ് നഷ്ടമായത്. പ്രാഥമിക പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പരിചയ സമ്പന്നരായ മെഡിക്കല്‍ ഓഫിസര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. സിവില്‍ സര്‍ജന്‍, അസി. സര്‍ജന്‍ അനുപാതം 1:3 ആക്കണമെന്ന് ശമ്പളപരിഷ്കരണ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവിലെ 1:11 എന്ന സംസ്ഥാന അനുപാതം എങ്ങനെ 1:3 അനുപാതമാക്കാമെന്ന ഒരു നിര്‍ദേശവും ഉത്തരവിലില്ല. രോഗികള്‍ക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതരത്തില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ധന നല്‍കുന്നതിനും സൂപ്പര്‍ സ്പെഷാലിറ്റി കേഡര്‍ രൂപവത്കരിക്കുന്നതിനുമുള്ള കമീഷന്‍ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ പാടെ അവഗണിച്ചു. പത്താം ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 29ന് കെ.ജി.എം.ഒയിലെ അംഗങ്ങള്‍ സംസ്ഥാനത്ത് ഒരു മണിക്കൂര്‍ അധികജോലി ചെയ്ത് കരിദിനമാചരിച്ചിരുന്നു. എന്നാല്‍, ഒരു അനുകൂല നടപടികളുമുണ്ടായിട്ടില്ല. പ്രക്ഷോഭങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാനത്ത് കെ.ജി.എം.ഒ സ്വകാര്യ പ്രാക്ടീസ് ഉപേക്ഷിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്തും. ജില്ലയില്‍ കല്‍പറ്റയില്‍ ധര്‍ണ നടത്തുമെന്നും പ്രസിഡന്‍റ് ഡോ. ഇ. ബിജോയ്, സെക്രട്ടറി ഡോ. ദാഹര്‍ മഹമൂദ്, ഡോ. ജിതേഷ് എന്നിവരറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.