കെട്ടിട നിര്‍മാണാനുമതി: അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കണം

കല്‍പറ്റ: ആദിവാസികളും മറ്റു ദുര്‍ബലവിഭാഗക്കാരും നിര്‍മിക്കുന്ന 750 ചതുരശ്രയടിയില്‍ കൂടാത്ത വിസ്തീര്‍ണമുള്ള വീടുകള്‍ ഒഴികെയുള്ള എല്ലാ നിര്‍മിതികള്‍ക്കും അനുമതി നല്‍കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് മാത്രമായി നല്‍കി വയനാട്ടിലെ കെട്ടിടനിര്‍മാണ നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് പരിസ്ഥിതി-സാമൂഹിക-സാംസ്കാരിക സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2009ല്‍ കേരളസര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധസമിതിയുടെ ശിപാര്‍ശപ്രകാരമുള്ള ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തണം. വയനാടിന്‍െറ സുഗമമായ നിലനില്‍പിനുവേണ്ടി യോജിച്ചുപ്രവര്‍ത്തിക്കാനും നാടിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചു. വയനാട്ടിലെ ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക സംഘടനകളും സ്വാഗതംചെയ്ത ഉത്തരവിനെ മന്ത്രി മഞ്ഞളാംകുഴി അലിയെ മുന്‍നിര്‍ത്തി അട്ടിമറിക്കാന്‍ റിസോട്ട്-റിയല്‍ എസ്റ്റേറ്റ്-കെട്ടിടനിര്‍മാണ ലോബി കോടികളുടെ പിന്‍ബലത്തില്‍ നടത്തിയ ഗൂഢനീക്കം തല്‍ക്കാലം പരാജയപ്പെട്ടെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ മറയാക്കി അട്ടിമറിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കെട്ടിടനിര്‍മാണ നിയന്ത്രണ ഉത്തരവ് പൊതുവില്‍ സ്വാഗതാര്‍ഹമെങ്കിലും പരിസ്ഥിതിനാശം രൂക്ഷമായ വയനാടിനെ രക്ഷിക്കാന്‍ ആ ഉത്തരവിന് സാധിക്കുമോയെന്ന് സംശയമാണ്. കെട്ടിടങ്ങളുടെ ഉയരംമാത്രം നിയന്ത്രിക്കുന്ന ഉത്തരവില്‍ വിസ്തീര്‍ണത്തെ പ്രതിപാദിക്കുന്നില്ല. കുന്നുകള്‍ ഇടിച്ചും ചതുപ്പുകള്‍ നികത്തിയുമുള്ള കെട്ടിടനിര്‍മാണത്തെയോ പുഴകള്‍, തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയെ തകര്‍ക്കുന്ന നിര്‍മിതികളെയോ നിരോധിക്കുന്നില്ല. പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളിലും കുന്നിന്‍ തലപ്പുകളിലും തണ്ണീര്‍തടങ്ങളുടെയും വനങ്ങളുടെയും ഓരത്ത് മുളച്ചുപൊന്തുന്ന റിസോട്ടുകളെ ഈ ഉത്തരവ് വെറുതെ വിടുകയാണ്. ഉത്തരാഖണ്ഡ്, കശ്മീര്‍, ഊട്ടി, പുണെ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ നാശം വിതച്ച പ്രകൃതിദുരന്തങ്ങള്‍ സമാന ഭൂപ്രകൃതിയുള്ള വനാട്ടിലും സംഭവിക്കുമെന്നതിന്‍െറ സൂചനയാണ് കാപ്പിക്കളത്തും മുണ്ടക്കൈയിലും പശ്ചിമഘട്ടത്തിലുടനീളമുണ്ടായ ഉരുള്‍പൊട്ടല്‍. 2009ലെ വിദഗ്ധസമിതി അതീവ പരിസ്ഥിതിദുര്‍ബല പ്രദേശമായി ദുരന്തസാധ്യതകളേറെയുള്ളതെന്ന് കണ്ടത്തെിയ വൈത്തിരി, മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലെ മലഞ്ചെരുവുകളിലും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും ഒരുവിധ നിര്‍മാണപ്രവൃത്തികളും ഖനനവും അനുവദിക്കരുത്. ബത്തേരി, കല്‍പറ്റ, മാനന്തവാടി തുടങ്ങിയ നഗരങ്ങളില്‍ തോടുകളും നീര്‍ച്ചാലുകളും തടസ്സപ്പെടുത്തി ഇരുവശങ്ങളിലുമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിടണം. ജില്ലയിലെ മുഴുവന്‍ തോടുകളും പുഴകളും തണ്ണീര്‍ത്തടങ്ങളും സര്‍വേ റെക്കോഡുകളുടെ അടിസ്ഥാനത്തില്‍ അളന്നുതിരിച്ച് വീണ്ടെടുക്കാനുള്ള ഉത്തരവും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണ്‍വീനര്‍ തോമസ് അമ്പലവയല്‍, എന്‍. ബാദുഷ , സി.എച്ച്. ധര്‍മരാജ് , വര്‍ഗീസ് വട്ടേക്കാട്ടില്‍ , പി.ടി. പ്രേമാനന്ദ് , അബു പൂക്കോട് , സണ്ണി പടിഞ്ഞാറത്തറ , ഡോ. പി.ജി. ഹരി, പി.എ. റഷീദ് , ഇ.ജെ. ദേവസ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.