സുല്‍ത്താന്‍ ബത്തേരി: ഗോത്രസമൂഹത്തിന്‍െറ വികസനവുമായി നേരിട്ട് ബന്ധപ്പെടുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍ കടുത്ത അവഗണനയില്‍. പരിമിതികളില്‍ വീര്‍പ്പുമുട്ടി പദ്ധതികള്‍ പലതും മുടങ്ങുന്നു. 1957ല്‍ പട്ടികവര്‍ഗ വകുപ്പ് രൂപവത്കരിക്കുമ്പോള്‍ അനുവദിച്ച തസ്തികകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. പദ്ധതികള്‍ പതിന്മടങ്ങ് വര്‍ധിച്ചു. കൂടുതല്‍ വിഭാഗങ്ങള്‍ പട്ടികവര്‍ഗ ലിസ്റ്റില്‍ വന്നു. ഗോത്ര ജനസംഖ്യയിലും വര്‍ധനയുണ്ടായി. പക്ഷേ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളുടെയും ഓഫിസര്‍മാരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടമാണ് പല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളുടെയും അവസ്ഥ. വൈദ്യുതിയും കുടിവെള്ളവും മൂത്രപ്പുരയും കക്കൂസും അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറും സ്ഥലസൗകര്യവുമില്ലാതെയാണ് പല ഓഫിസുകളുടെയും പ്രവര്‍ത്തനം. കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഇന്‍റര്‍നെറ്റ്, ടെലിഫോണ്‍ സംവിധാനങ്ങള്‍ ഇനിയും മിക്ക ഓഫിസുകളിലും എത്തിയിട്ടില്ല. ആദിവാസി കോളനികളില്‍ പോകാന്‍ വാഹനം അനുവദിച്ചിട്ടില്ല. രോഗവും മരണവും ദുരന്തങ്ങളും നിരന്തരം വേട്ടയാടുന്ന ആദിവാസി കോളനികളില്‍ ടി.ഇ.ഒമാരുടെ സന്ദര്‍ശനം അനിവാര്യമാണ്. പ്രതിമാസം 200 രൂപയുടെ സ്ഥിരം യാത്രപ്പടി മാത്രമാണ് ഫീല്‍ഡില്‍ പോകുന്നതിന് അനുവദിക്കുന്നത്. പട്ടികവര്‍ഗ വകുപ്പിനു പുറമെ ത്രിതല പഞ്ചായത്തുകള്‍ മുഖേന ആവിഷ്കരിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതി നിര്‍വഹണം, പ്രീ മെട്രിക് ഹോസ്റ്റലുകളുടെ നടത്തിപ്പ്, ഊരുകൂട്ടം സംഘടിപ്പിക്കല്‍, എഫ്.ആര്‍.സി ആക്ട് നടപ്പാക്കല്‍, മീറ്റിങ്ങുകള്‍, ചികിത്സ, വിദ്യാഭ്യാസ, പുനരധിവാസ, സ്വയം തൊഴില്‍ പദ്ധതികളുടെ നടത്തിപ്പ്, പരിശീലന പരിപാടികള്‍ തുടങ്ങിയ നൂറുകൂട്ടം ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ട ടി.ഇ.ഒമാര്‍ക്കാണ് 200 രൂപ യാത്രച്ചെലവിനായി സര്‍ക്കാര്‍ നല്‍കുന്നത്. സഹായിക്കാനും സൗകര്യമൊരുക്കാനും കീഴുദ്യോഗസ്ഥരുമില്ല. പട്ടികവര്‍ഗ വികസന പദ്ധതികളുടെ നടത്തിപ്പില്‍ ഇടനിലക്കാരായി മാറുന്ന രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും സമ്മര്‍ദമാണ് ഇവര്‍ നേരിടുന്ന വലിയ ദുരിതം. പരിമിതികള്‍ക്ക് നടുവിലും ജോലിചെയ്യുന്ന ടി.ഇ.ഒമാര്‍ക്ക് അഗ്നിപരീക്ഷയായി മാറിയിരിക്കുകയാണ് അടിക്കടിയുള്ള സ്ഥലംമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.