കല്‍പറ്റ: സാമ്പത്തികമാന്ദ്യവും വന്‍കിട കുത്തകകളുടെ കടന്നുകയറ്റവും ജില്ലയിലെ ആക്രിക്കച്ചവടത്തെ തകര്‍ക്കുന്നു. പഴയലോഹങ്ങളുടെയും കടലാസിന്‍െറയും വില കുത്തനെ കുറഞ്ഞതോടെ ആക്രിക്കച്ചവടം സ്തംഭനത്തിന്‍െറ വക്കിലായി. ചെറുതും വലുതുമായ നൂറോളം കച്ചവടസ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും പണിയില്ലാതായി. ടൗണുകള്‍ കേന്ദ്രീകരിച്ച് കടലാസുകളും പാഴ്വസ്തുക്കളും പെറുക്കിവിറ്റ് ജീവിക്കുന്ന തെരുവുവാസികള്‍ക്കടക്കം ഇത് തിരിച്ചടിയായിരിക്കുകയാണ്. പാലക്കാട് കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് വ്യവസായശാലകള്‍ ഉല്‍പാദനം കുത്തനെ വെട്ടിക്കുറച്ചതുമൂലം ചരക്കുനീക്കം നിലച്ചത് ലോറിത്തൊഴിലാളികളെയും ബാധിക്കുന്നുണ്ട്. പഴയ ലോഹങ്ങളുടെയും പ്ളാസ്റ്റിക്, കടലാസ് തുടങ്ങിയവയുടെ വില നാലുമാസത്തിനിടെ കുത്തനെയാണ് ഇടിഞ്ഞത്. മുമ്പ് കിലോക്ക് ഇരുപത് രൂപയുണ്ടായിരുന്ന ഇരുമ്പിന് ഇന്ന് 12 രൂപയേ കിട്ടൂ. ചെമ്പിന്‍െറവില കിലോക്ക് 400 രൂപയായിരുന്നത് 350 രൂപയായി കുറഞ്ഞു. പിച്ചളത്തിന്‍െറ വില 325 രൂപയില്‍നിന്ന് 270 രൂപയായി. അലൂമിനിയത്തിന്‍െറ വില 120 രൂപയില്‍നിന്ന് 90ഉും ആയി കുറഞ്ഞു. വില വീണ്ടും ഇടിയുമെന്ന പേടിയില്‍ കച്ചവടക്കാര്‍ ചരക്കെടുക്കാന്‍ മടിക്കുന്നു. പ്ളാസ്റ്റിക് കുപ്പികള്‍ വന്നതോടെ ചില്ല് കുപ്പികളുടെ വില ഇടിഞ്ഞു. 12 രൂപയായിരുന്ന പേപ്പര്‍ കടലാസുകളുടെ വില ഏഴ് രൂപയായി ചുരുങ്ങി. കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്‍കാന്‍ വീട്ടുകാരും മടിക്കുകയാണ്. 16 രൂപക്ക് പഴയ ഇരുമ്പെടുത്ത് കഞ്ചിക്കോട് എത്തിച്ച് ഉരുക്കി ഇരുമ്പു കമ്പിയാക്കുമ്പോള്‍ ഉല്‍പാദനച്ചെലവ് അടക്കം 36 രൂപക്ക് മുകളിലാകും. എന്നാല്‍, ഇന്ന് 34 രൂപക്ക് പുറത്തുനിന്നുവരുന്ന ഇരുമ്പു കമ്പികള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസംവരെ ജില്ലയില്‍നിന്ന് പ്രതിദിനം നാല് ലോഡ് ആക്രിസാധനങ്ങള്‍ പാലക്കാട് കോഴിക്കോട് ഭാഗങ്ങളിലേക്ക് എത്തിയിരുന്നു. പ്രതിസന്ധിമൂലം രണ്ട് വാഹനങ്ങള്‍ മാത്രമാണ് ചരക്കെടുത്ത് പോവുന്നത്. മോഷണം വര്‍ധിച്ചതിനാല്‍ സാധനങ്ങള്‍ ആളുകളുടെ കൈയില്‍നിന്ന് വാങ്ങിക്കുമ്പോള്‍ കേസില്‍പെടുമെന്ന പേടിയുമുണ്ടെന്ന് കല്‍പറ്റയിലെ ആക്രി കച്ചവടക്കാരന്‍ റസാഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.