മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുനികത്താന്‍ സര്‍ക്കാറിനോട് ശിപാര്‍ശചെയ്യാന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനന്തവാടി താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. നിയമനംലഭിച്ച രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ചാര്‍ജെടുക്കാന്‍ തയാറാവാതിരിക്കുകയും 38 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യമുയര്‍ന്നത്. ജില്ലാ ആശുപത്രിയില്‍ രണ്ട് ആംബുലന്‍സുകള്‍ വാങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. ആശുപത്രി വികസനത്തിനായി മൂന്നുകോടി രൂപ മന്ത്രി നേരത്തേ അനുവദിച്ചിരുന്നു. ഈ തുക പര്യാപ്തമായതിനാല്‍ 12 കോടി രൂപകൂടി അനുവദിക്കും. പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയകെട്ടിടം നിര്‍മിക്കാനാണ് ഈ തുക ഉപയോഗിക്കുക. മഴമാറുന്ന മുറക്ക് റോഡുകള്‍ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. തവിഞ്ഞാല്‍ പഞ്ചായത്തിലെ കര്‍ഷകരുടെ നികുതി സ്വീകരിക്കാത്ത പ്രശ്നത്തിന് പരിഹാരമായി നികുതിസ്വീകരിക്കാന്‍ തീരുമാനമായി. കാപ്പിക്കളത്തെ സ്വകാര്യഭൂമി രജിസ്റ്റര്‍ നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ളെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ഗതാഗത ഉപദേശക സമിതി എല്ലാ മാസവും വിളിച്ചുചേര്‍ക്കാന്‍ സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകള്‍ക്ക് കെട്ടിട സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ റവന്യൂവിന് അപേക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കി. ആദിവാസി കോളനികളില്‍ പോഷകാഹാരക്കുറവിനെ കുറിച്ച് പഠിക്കാന്‍ ഐ.സി.ഡി.എസിനെ ചുമതലപ്പെടുത്തി. യോഗത്തില്‍ സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു, തഹസില്‍ദാര്‍ ടി. സോമനാഥന്‍ തുടങ്ങിയ വിവിധ വകുപ്പ് തലവന്മാര്‍ പങ്കെടുത്തു. കഴിഞ്ഞ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ എത്താതിരുന്നതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ചത്തെ യോഗത്തില്‍ എല്ലാ വകുപ്പ് തലവന്മാര്‍ എത്തിയെങ്കിലും ജനപ്രതിനിധികളാരുംതന്നെ പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.