കല്‍പറ്റ: സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വയനാട്ടില്‍ വീണ്ടും ആദിവാസിയുടെ മൃതദേഹം വീടിന് മുന്നില്‍ റോഡരികില്‍ സംസ്കരിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് മഞ്ഞിളേരി കോളനിയിലെ മൂപ്പനായ മാണിയുടെ ജഡമാണ് റോഡരികില്‍ സംസ്കരിച്ചത്. നൂറ് വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഏഴിനാണ് മാണി മരിച്ചത്. വ്യാഴാഴ്ച രാവിലെ സംസ്കാരത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും മറവ് ചെയ്യാന്‍ കോളനിയില്‍ സ്ഥലമില്ലാത്തത് ബന്ധുക്കളെ വലച്ചു. ഇവര്‍ക്ക് പഞ്ചായത്തില്‍ പൊതുശ്മശാനമോ ആദിവാസി ശ്മശാനമോ ഇല്ല. നാട്ടുകാര്‍കൂടി സ്ഥലത്തത്തെിയതോടെ അധികൃതര്‍ക്കെതിരെ ബഹളമായി. പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരോ പട്ടികവര്‍ഗ ഉദ്യോഗസ്ഥരോ സ്ഥലത്തത്തെിയില്ല. രോഷാകുലരായ നാട്ടുകാര്‍ മാണിയുടെ ജഡം റോഡില്‍ മറമാടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വാര്‍ഡ് അംഗം വി. റംലത്തിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. അഞ്ചുകിലോമീറ്റര്‍ അകലെ ചോലപ്പുറത്തുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആദിവാസികള്‍ തയാറായില്ല. ഒടുവില്‍ ഉച്ചയോടെ വീടിന് മുന്നിലായി കുഴിയെടുക്കുകയായിരുന്നു. ഇതിന് തൊട്ടടുത്താണ് കോളനിക്കാര്‍ കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കിണറുള്ളത്. കോളനിയില്‍ ആകെയുള്ള 40 സെന്‍റ് ഭൂമിയില്‍ 20 സെന്‍റ് മാത്രമാണ് കരഭൂമി. ഇവിടെ ഒമ്പത് വീടുകളിലായി 30ഓളം കുടുംബങ്ങളാണ് കഴിയുന്നത്. ഇതില്‍ പണിയ വിഭാഗത്തില്‍പ്പെട്ട ഒമ്പതു കുടുംബങ്ങളുടെ സ്ഥിതി ഏറെ കഷ്ടമാണ്. ഒരു വീട് കഴിഞ്ഞാല്‍ അഞ്ചടിമാത്രം വിട്ടാണ് അടുത്ത വീടുള്ളത്. നാല് വര്‍ഷം മുമ്പ് ഇതേ കോളനിയിലെ ശങ്കരന്‍ മരിച്ചപ്പോഴും സംസ്കരിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പിണങ്ങോട് തന്നെയുള്ള ഊരന്‍കുന്ന്, പുത്തന്‍വീട് കോളനികളിലും ആദിവാസികള്‍ക്ക് സംസ്കരിക്കാന്‍ ഇടമില്ല. ഇവിടെയുള്ളവരെ അടുക്കളയോട് ചേര്‍ന്ന് സംസ്കരിക്കുന്ന വാര്‍ത്ത ‘മാധ്യമം’ നേരത്തേ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.