പുല്‍ക്കുന്ന് കോളനിയില്‍ 18 കുടുംബങ്ങള്‍; ജീവിതം ദുരിതത്തില്‍

അമ്പലവയല്‍: മൂപ്പൈനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട പുല്‍ക്കുന്ന് കോളനിയിലെ 18 കുടുംബങ്ങള്‍ അടിസ്ഥാനസൗകര്യമില്ലാതെ ദുരിതത്തില്‍. വാസയോഗ്യമായ വീടും വഴിയും കുടിവെള്ളവും വൈദ്യുതിയുമില്ല. അമ്പലവയല്‍ ഗ്രാമപഞ്ചായത്തും മൂപ്പൈനാട് ഗ്രാമപഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന പുറ്റാട് ടൗണില്‍നിന്നും രണ്ട് കിലോമീറ്റര്‍ മാറി രണ്ട് കുന്നുകളിലായാണ് കോളനി. 16 ആദിവാസി കുടുംബങ്ങളും രണ്ട് ഇതര സമുദായ കുടുംബങ്ങളുമാണ് ജീവിതം തള്ളിനീക്കുന്നത്. കാരാപ്പുഴ പദ്ധതി പ്രദേശത്തിന്‍െറ ഒരു ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും മാറേണ്ടിവന്നപ്പോള്‍ പദ്ധതിപ്രദേശത്ത് തന്നെ മറ്റൊരു കുന്നില്‍ ഏഴ് വര്‍ഷമായി കുടിയേറി പാര്‍ത്തവരാണ് പുല്‍ക്കുന്ന് കോളനിക്കാര്‍. കുടിവെള്ളം ശേഖരിക്കാന്‍തന്നെ അര കിലോമീറ്ററോളം സഞ്ചരിക്കേണ്ട ഗതികേടിലാണിവര്‍. സ്വന്തമായി ഭൂമിയോ, മറ്റു രേഖകളോ ഇല്ലാത്ത ഇവര്‍ക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ലഭിച്ച റേഷന്‍ കാര്‍ഡുകള്‍ മാത്രമാണാശ്വാസം. ചിലര്‍ക്ക് അതും ലഭിച്ചിട്ടില്ല. മൂന്നുനാലു പേര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. തൊട്ടടുത്ത തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നതൊഴിച്ചാല്‍ പുറംലോകവുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ല. പ്രൈമറി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത നിരവധി കുട്ടികള്‍ കോളനിയിലുണ്ട്. ചെറുപ്രായത്തിലേ ജോലിക്ക് പോകുന്ന ഇവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം മദ്യപാനം ആരംഭിക്കുന്നു. അമ്പലവയല്‍ മദ്യശാലയില്‍നിന്നും മദ്യം വാങ്ങി തിരിച്ചുപോകവെ വീണ് മരിച്ച ശാന്ത (40) പുല്‍ക്കുന്ന് കോളനിവാസിയാണ്. ശാന്തയുടെ ഭര്‍ത്താവ് ചുണ്ടന്‍െറ മദ്യപാനം മൂലം മകന്‍ രഞ്ജിത്ത് കോളനിയില്‍തന്നെ ഇളയമ്മയോടൊപ്പമാണ് താമസം. മദ്യം സ്വന്തമായി വാറ്റിയിരുന്ന ഇവിടെ എക്സൈസ് വകുപ്പിന്‍െറ ഇടപെടല്‍മൂലം മദ്യപാന ശീലം അല്‍പം കുറഞ്ഞിട്ടുണ്ടെന്ന് കോളനിയിലെ വിദ്യാര്‍ഥിനി പറയുന്നു. മൂപ്പൈനാട് പഞ്ചായത്തില്‍നിന്നും ആദിവാസി കുടുംബങ്ങള്‍ക്ക് ഷെഡ് നിര്‍മിക്കാന്‍ 12,000 രൂപ ലഭിച്ചിരുന്നു. എന്നാല്‍, ഇതര സമുദായത്തില്‍പ്പെട്ട നടക്കാന്‍പോലും കഴിയാത്ത കമലയും (55) മരുമകളും ചോര്‍ന്നൊലിക്കുന്ന കൂരയില്‍തന്നെ കഴിയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.