ചുമട്ടുതൊഴിലാളികളുടെ സമരം ശക്തിപ്രാപിച്ചു

കൂനൂര്‍: തേയില സംഭരണ കേന്ദ്രം മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം ശക്തിപ്രാപിച്ചു. നീലഗിരിയിലെ തേയില ലേലകേന്ദ്രം ബെഡ്ഫോഡ് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ജില്ലയിലെ 15 സഹകരണ ടീ ഫാക്ടറികളുടേതും സ്വകാര്യ ഫാക്ടറികളില്‍നിന്നും ലേലത്തിന് എത്തുന്ന ചായപ്പൊടി കൂനൂരിലെ ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്. ലേലം വിളി നടന്നതിന് ശേഷം വില്‍പനയായ ചായപ്പൊടികള്‍ സ്വദേശ, വിദേശ മാര്‍ക്കറ്റുകളിലേക്കയക്കാന്‍ കോയമ്പത്തൂര്‍, കൊച്ചി ഭാഗത്തേക്ക് ലോറികളിലാണ് കയറ്റിവിടുന്നത്. ലോറികളില്‍ ചായപ്പൊടി കയറ്റിയിറക്കുന്ന 400ഓളം ചുമട്ടുതൊഴിലാളികള്‍ കൂനൂരില്‍ ഉണ്ട്. ഗോഡൗണ്‍ മേട്ടുപാളയത്തേക്കുമാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് ചില സ്വകാര്യ കമ്പനികള്‍ സംഭരണകേന്ദ്രം മാറ്റി. ഗോഡൗണ്‍ മാറ്റം തങ്ങളുടെ ജോലി നഷ്ടപ്പെടുത്തുമെന്നും കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ ട്രേഡ് യുനിയന്‍ തൊഴിലാളികള്‍ സമരം നടത്തുന്നത്. യുനിയന്‍ നേതാക്കളുമായി കൂനൂര്‍ ആര്‍.ഡി.ഒ പഴനികുമാര്‍ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ ചുമട്ടുതൊഴിലാളികള്‍ തയാറായിട്ടില്ല. ഇതുകാരണം കഴിഞ്ഞ മുന്നു ദിവസമായി തേയില നീക്കം സ്തംഭിച്ചതോടെ കോടിക്കണക്കിനു രൂപയുടെ തേയില കെട്ടിക്കിടക്കുകയാണ്. അതേസമയം ഗോഡൗണ്‍ കൂനൂരില്‍നിന്ന് മാറ്റാന്‍ പാടില്ലായെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടാന്‍ കഴിയില്ളെന്ന് ആര്‍.ഡി.ഒ പഴനികുമാര്‍ അറിയിച്ചു. സാഹചര്യം, സൗകര്യം, ചെലവുകുറക്കല്‍ എന്നിവ കണക്കിലെടുത്ത് സ്വകാര്യ കമ്പനികള്‍ സ്വീകരിക്കുന്ന തീരുമാനത്തില്‍ ഇടപെടാനാവില്ലന്ന് അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.