വിദ്യാര്‍ഥികള്‍ക്കുള്ള ആധാര്‍ എടുക്കല്‍ സ്കൂളുകളില്‍തന്നെ നടത്തണം

ഗൂഡല്ലൂര്‍: വിദ്യാര്‍ഥികള്‍ക്കുള്ള ആധാര്‍ എടുക്കല്‍ ക്യാമ്പ് അനിശ്ചിതമായി നീട്ടിവെച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഗൂഡല്ലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട ഗവ.സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ആധാറിനുള്ള ഫോട്ടോയെടുക്കല്‍ സെപ്റ്റംബര്‍ 14 മുതല്‍ 16വരെ നടക്കുമെന്ന് അറിയിച്ചിരുന്നു. ഫോട്ടോയെടുക്കാന്‍ വിദ്യാര്‍ഥികളുമായി അധ്യാപകര്‍ എത്തിയപ്പോള്‍ ക്യാമ്പ് നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചത് വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രയാസത്തിലാക്കി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ടായിട്ടും സംസ്ഥാനത്ത് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണന്ന നിലപാടിലാണ് അധികൃതരുള്ളത്. ഇതിന്‍െറ ഭാഗമായി ആധാറിനുള്ള ഫോട്ടോയെടുക്കല്‍ ക്യാമ്പ് എല്ലാ ജില്ലകളിലും നടന്നുവരുന്നു. ഗൂഡല്ലൂരില്‍ ആര്‍.ഡി.ഒ ഓഫിസില്‍ പ്രത്യേക ഓഫിസ് ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ വിദ്യാര്‍ഥികള്‍ക്കുള്ള ഫോട്ടോയെടുക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ പ്രധാന അധ്യാപകരുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചിരുന്നു. ഇതുപ്രകാരം സെപ്റ്റംബര്‍ 14ന് ക്യാമ്പ് ആരംഭിക്കുമെന്നാണ് അറിയിപ്പുണ്ടായത്. ഗൂഡല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വണ്ടിപ്പേട്ട ഗവ.മിഡില്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കുമെന്നും അധ്യാപകരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് കുട്ടികളുടെ പഠിപ്പ് മുടക്കി അധ്യാപകര്‍ കുട്ടികളുമായി ഗൂഡല്ലൂരില്‍ എത്തിയെങ്കിലും ക്യാമ്പില്‍ ആരുമില്ലായിരുന്നു. ഫോട്ടോയെടുക്കല്‍ തീയതി പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ മറുപടിയുണ്ടായത്. വാഹന സൗകര്യക്കുറവും വന്യമൃഗഭീഷണിയുമുള്ള പ്രദേശങ്ങളില്‍നിന്ന് വിദ്യാര്‍ഥികളുമായി ഗൂഡല്ലൂരിലത്തെുക പ്രയാസമാണന്നും അതിനാല്‍ അതതു സ്കൂളുകളില്‍തന്നെ ഫോട്ടോയെടുക്കല്‍ നടത്തണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.