പനമരം: പുതിയ നടവയല്‍ പഞ്ചായത്ത് ഉണ്ടാവില്ളെന്ന് ഉറപ്പായതോടെ രാഷ്ട്രീയ നേതാക്കള്‍ക്ക് വീര്യം ചോര്‍ന്നു. പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ നടവയല്‍ പഞ്ചായത്ത് രൂപവത്കരിക്കാന്‍ നീക്കം നടന്നത്. എന്നാല്‍, കോടതി ഇടപെടലിലൂടെ പുതിയ പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഇല്ലാതാവുകയായിരുന്നു. ഒരുമാസംമുമ്പ് സജീവമായിരുന്ന നടവയല്‍ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തണുപ്പന്‍ മട്ടാണ്. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി കക്ഷികള്‍ക്ക് നടവയലില്‍ പേരെടുത്ത നേതാക്കളുണ്ട്. പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തു ഭരണസമിതികളില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്നവരും വഹിച്ചവരുമാണിവര്‍. ഇവരൊക്കെ പുതിയ പഞ്ചായത്തിലേക്ക് തിരിയാന്‍ ലക്ഷ്യമിട്ടിരുന്നു. സി.പി.എം ലോക്കല്‍ സമ്മേളനം നടത്തി വരവറിയിച്ചപ്പോള്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെയും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയെയും തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. പുതിയ പഞ്ചായത്ത് അനുവദിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഡി.സി.സി പ്രസിഡന്‍റിനും അഭിവാദ്യമര്‍പ്പിച്ച് യു.ഡി.എഫിന്‍െറ ഫ്ളക്സ്ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. ഒന്നും ഇപ്പോള്‍ കാണാനില്ല. നടവയല്‍ ടൗണിന്‍െറ പടിഞ്ഞാറ് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളും കിഴക്ക് പൂതാടിയുമാണ്. തെരഞ്ഞെടുപ്പ് അടുത്താല്‍ ടൗണില്‍ മൂന്നു പഞ്ചായത്തുകളിലെയും സ്ഥാനാര്‍ഥികള്‍ വോട്ടുചോദിക്കാന്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക പതിവാണ്. പൂതാടി പഞ്ചായത്തില്‍പ്പെട്ട ബസ്വെയ്റ്റിങ് ഷെഡിന്‍െറ സമീപത്തെ ചുമട്ടുത്തൊഴിലാളികളുടെ വിശ്രമ ഷെഡിലായിരുന്നു പൊതുയോഗങ്ങള്‍ നടന്നിരുന്നത്. വിശ്രമ ഷെഡ് പൊളിച്ച് അവിടെ പുതിയ കെട്ടിടം പണിതു. ഈ കെട്ടിടത്തിന് മുന്നില്‍ ചെറിയൊരു ബസ്വെയ്റ്റിങ് ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഇത്തവണ രാഷ്ട്രീയ പൊതുയോഗങ്ങള്‍ ഈ ഷെഡിലാകാനാണ് സാധ്യത. മൂന്നു പഞ്ചായത്തുകളിലാണെങ്കിലും നടവയലിന് ഒരു ബ്ളോക് പഞ്ചായത്തേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടവയലില്‍നിന്നും വിജയിച്ച റാണി വര്‍ക്കി നിലവില്‍ പനമരം ബ്ളോക് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. നടവയല്‍ പഞ്ചായത്ത് ഇല്ലാതായതോടെ പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുള്ള പുറപ്പാടിലാണ് നേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.