പകല്‍വീട് നിര്‍മിച്ചത് ക്ളബിന്‍െറ സ്ഥലത്ത്; പ്രതിഷേധം വ്യാപകം

അമ്പലവയല്‍: വയനാട് ജില്ലാ പഞ്ചായത്ത് കടല്‍മാട് പൂരിമല കോളനിക്ക് അനുവദിച്ച പകല്‍വീട് കോളനിയില്‍ നിര്‍മിക്കാതെ കടല്‍മാട് വീനസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ സ്ഥലത്ത് നിര്‍മിച്ചു. പകല്‍വീടിനെ ക്ളബ് കെട്ടിടമാക്കിമാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകമായി. ജില്ലാ പഞ്ചായത്ത് മള്‍ട്ടി ഇയര്‍ പദ്ധതിപ്രകാരം എസ്.ടി ഫണ്ടുപയോഗിച്ച് 2012-13ല്‍ ഏഴുലക്ഷം രൂപയും 2013-14ല്‍ അഞ്ചുലക്ഷവും വകയിരുത്തി. ആകെ 12 ലക്ഷം ചെലവില്‍ അമ്പലവയല്‍ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കടല്‍മാട്-ചൂരിമൂല കോളനിക്കനുവദിച്ച പകല്‍വീടാണ് കോളനിക്കുള്ളില്‍ നിര്‍മിക്കാതെ ക്ളബ് നല്‍കിയ മൂന്നു സെന്‍റ് സ്ഥലത്ത് നിര്‍മിച്ചത്. പകല്‍വീട് നിര്‍മിക്കുന്ന സ്ഥലം ജില്ലാ പഞ്ചായത്തിന് രജിസ്റ്റര്‍ ചെയ്ത് നല്‍കാതെ എഗ്രിമെന്‍റ് വെക്കാന്‍ പാടില്ളെന്ന വ്യവസ്ഥകള്‍ നിലനില്‍ക്കേയാണ് ക്ളബിന്‍െറ സ്ഥലത്ത് നിര്‍മിച്ചത്. ക്ളബിന്‍െറ സ്ഥലം വയല്‍ഭാഗമായതിനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ള വയല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ആര്‍.ഡി.ഒയുടെ ഉത്തരവു വേണമെന്ന ചട്ടവും പാലിച്ചിട്ടില്ളെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പകല്‍വീടിനായി ക്ളബ് സ്ഥലം നല്‍കുകയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. 2015 ആഗസ്റ്റ് 21ന് ഉദ്ഘാടന നോട്ടീസ് പുറത്തിറങ്ങിയപ്പേഴാണ് കെട്ടിടം ക്ളബിനായി ഉപയോഗപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ‘ജില്ലാ പഞ്ചായത്ത് ക്ളബിനനുവദിച്ച കെട്ടിടത്തിന്‍െറയും പകല്‍വീടിന്‍െറയും കെട്ടിട ഉദ്ഘാടനം’ എന്നാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ മേരി തോമസ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.യു. ജോര്‍ജ്, വാര്‍ഡ് മെംബര്‍, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടും പകല്‍വീട് ക്ളബിനായി ഉപയോഗപ്പെടുത്തിയത് ചോദ്യം ചെയ്തില്ല. ഉദ്ഘാടനദിവസം തന്നെ ക്ളബ് ഭാരവാഹികള്‍ ജില്ലാ പഞ്ചായത്തില്‍നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തിരക്കിട്ട് നമ്പര്‍ നല്‍കാനുള്ള ശ്രമം നടന്നതായും പറയുന്നു. പിന്നീട് ബോര്‍ഡ് മീറ്റിങ്ങില്‍ പ്രതിപക്ഷാംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കെട്ടിട നമ്പര്‍ നല്‍കുന്നതില്‍നിന്ന് വിട്ടുനിന്നത്. എസ്.ടി ഫണ്ടുപയോഗിച്ചുള്ള പകല്‍വീട് കോളനികള്‍ക്കുള്ളില്‍തന്നെ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികളും രംഗത്തുവന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.