തൊഴിലാളികളെ വേണോ, വിളിപ്പുറത്ത് അഗ്രോ സര്‍വിസ് സെന്‍ററുണ്ട്

കല്‍പറ്റ: കാര്‍ഷികമേഖലയില്‍ തൊഴിലാളിക്ഷാമം കാരണം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് നല്ല വാര്‍ത്ത. ജില്ലയില്‍ ഇതിനായി അഗ്രോ സര്‍വിസ് സെന്‍ററുകള്‍ തുടങ്ങുന്നു. കര്‍ഷകരെ സഹായിച്ച് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്‍െറയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക. ട്രാക്ടര്‍ ഡിസ്ക്, ചളിപ്പൂട്ട്, ടില്ലര്‍, കാട് വെട്ട് യന്ത്രം, മെതിയന്ത്രം, പവര്‍ സ്പ്രേയര്‍, നാപ്സാക്ക് സ്പ്രേയര്‍, കുഴിക്കല്‍ യന്ത്രം, നടീല്‍ യന്ത്രം, പമ്പ് സെറ്റ്, വാള്‍, തെങ്ങുകയറ്റ യന്ത്രം, അറബാന തുടങ്ങിയ 31 ഓളം ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് സെന്‍ററില്‍നിന്ന് ലഭ്യമാകും. യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച 25 തൊഴിലാളികളും ഉണ്ടാകും. കേരളത്തില്‍ അനുവദിച്ച 15 സെന്‍ററുകളില്‍ ഒന്ന് പനമരം ബ്ളോക് പഞ്ചായത്ത് പരിധിയിലാണ്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചിത്രമൂലയില്‍ ആണ് സെന്‍റര്‍. കൃഷിയെ ഉപജീവനമാര്‍ഗമാക്കി ജീവിക്കുന്ന ജില്ലയിലുള്ളവര്‍ക്ക് സെന്‍ററുകള്‍ അനുഗ്രഹമാകും. ആസ്ക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സെന്‍ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സാ ചാക്കോ ചെയര്‍മാനായും കൃഷി അസി.ഡയറക്ടര്‍ ലൗലി അഗസ്റ്റിന്‍ കണ്‍വീനറായും ഹൈപവര്‍ കമ്മിറ്റി ഉണ്ട്. ആസ്ക് പ്രസിഡന്‍റ് റെജിമോന്‍, സെക്രട്ടറി അനില്‍ കുമാര്‍. കണിയാമ്പറ്റ കൃഷി ഓഫിസര്‍ നോഡല്‍ ഓഫിസറാണ്. നടീല്‍ വസ്തുക്കളും പച്ചക്കറിതൈകളും ഉല്‍പാദിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കാവശ്യമായ ബയോ കണ്‍ട്രോള്‍ ഏജന്‍റ്സ്, ബയോ വളങ്ങള്‍, കെണികള്‍, ജൈവവളങ്ങള്‍ എന്നിവ ലഭ്യമാക്കാനും പരിപാടിയുണ്ട്. ഇവ സെന്‍ററില്‍ ഉല്‍പാദിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.