കാട്ടുപോത്തിന്‍െറ ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട വീട്ടമ്മക്ക് ആനുകൂല്യം ലഭിച്ചില്ല

തിരുനെല്ലി: കാട്ടുപോത്തിന്‍െറ ആക്രമണത്തില്‍ വലതു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ട വീട്ടമ്മക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കിയില്ളെന്ന് പരാതി. 2006ല്‍ സ്വന്തം വീട്ടുപറമ്പില്‍ പുല്ലരിയുമ്പോഴാണ് സര്‍വാണി അത്തിമല രവിയുടെ ഭാര്യ ശ്യാമളയെ കാട്ടുപോത്ത് ആക്രമിച്ചത്. കണ്ണിനു ഗുരുതര പരിക്കേറ്റു. നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടുമാസത്തോളം ചികിത്സയില്‍ തുടര്‍ന്നു. ആക്രമണത്തില്‍ വലത് കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. സംഭവത്തില്‍ നാട്ടുകാര്‍ വനംപാലകരെ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് 4000 രൂപ ചികിത്സക്ക് വനംവകുപ്പ് നല്‍കി. മെഡിക്കല്‍ കോളജിലെ ചികിത്സക്കുശേഷം മംഗലാപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും മുഖവും കണ്ണും ഉള്‍പ്പെടുന്ന ഭാഗം പ്ളാസ്റ്റിക് സര്‍ജറി നടത്തുകയും ചെയ്തു. ഇതിനിടയില്‍ നിരവധി തവണ ആവശ്യപ്പെട്ടതിനാല്‍ 25,000 രൂപ ലഭിച്ചു. വന്യജീവി ആക്രമണത്തില്‍ അടിയന്തര ചികിത്സക്ക് 75,000 രൂപ അനുവദിക്കാന്‍ വ്യവസ്ഥ ഉണ്ടെങ്കിലും വനംവകുപ്പ് നല്‍കിയില്ല. ഭാര്യയും ഭര്‍ത്താവും കൂലിപ്പണിയെടുത്തായിരുന്നു മൂന്നു മക്കളെ സംരക്ഷിച്ചിരുന്നത്. കാട്ടുപോത്തിന്‍െറ ആക്രമണത്തിനുശേഷം ശ്യാമളക്ക് കൂലിപ്പണിക്ക് പോകാന്‍ സാധിക്കുന്നില്ല. ആകെയുള്ള 75 സെന്‍റ് ഭൂമിയില്‍ എട്ട് സെന്‍റ് സ്ഥലം വിറ്റാണ് ഭാര്യയെ ചികിത്സിച്ചതെന്നും ഇപ്പോള്‍ രണ്ടുലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും രവി പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി വനംവകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കുമെന്നും കുടുംബം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.