എസ്റ്റേറ്റ് പാടികള്‍ തകര്‍ച്ചയില്‍; തോട്ടംതൊഴിലാളികളുടേത് നരകജീവിതം

കല്‍പറ്റ: വയനാട് ജില്ലയിലെ എസ്റ്റേറ്റ് പാടികളില്‍ തോട്ടംതൊഴിലാളികളുടേത് നരകജീവിതം. ഇടുങ്ങിയ സൗകര്യങ്ങളില്‍ ശ്രമകരമായി ജീവിതം മുന്നോട്ടുനീക്കുമ്പോഴും അരക്ഷിതത്വത്തിന്‍െറ ആശങ്ക അവര്‍ക്കുമേല്‍ വട്ടമിട്ടുനില്‍ക്കുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാടികളൊന്നും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതും തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നു. മേപ്പാടി, പൊഴുതന, തലപ്പുഴ തുടങ്ങി ജില്ലയുടെ വിഭിന്നഭാഗങ്ങളിലുള്ള എസ്റ്റേറ്റുകളിലെ മിക്കപാടികളും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.1950കളിലാണ് ജില്ലയിലെ മിക്ക എസ്റ്റേറ്റ് പാടികളും പണിതത്. ചിലത് സ്വാതന്ത്ര്യലബ്ധിക്കും മുമ്പേയുള്ളവയാണ്. കല്ലും മണ്ണും കൊണ്ട് നിര്‍മിച്ച ഈ പാടികളില്‍ അഞ്ചും ആറും ലൈന്‍ മുറികളാണുള്ളത്. കാലാകാലങ്ങളില്‍ മാനേജ്മെന്‍റ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഏറെ ഭീതിയോടെയാണ് ഇത്തരം പാടികളില്‍ താമസിക്കുന്നതെന്ന് പൊഴുതന ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികള്‍ പറയുന്നു. ഒരു കിടപ്പുമുറി, കൊച്ചു ഹാള്‍, അടുക്കള, ടോയ്ലറ്റ് എന്നിവ മാത്രമുള്ള ലൈനുകളില്‍ ഒട്ടേറെ അംഗങ്ങളുള്ള തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നത് ചായത്തോട്ടങ്ങളില്‍ പതിവുകാഴ്ചയാണ്. കുടിവെള്ളം, വൈദ്യുതി അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ തൊഴിലാളികള്‍ പാടികള്‍ ഉപേക്ഷിച്ച് പോവുന്നതും നിരവധി. ദിവസം 230 രൂപ കൂലി ലഭിക്കുന്ന അവര്‍ വലിയ വാടകക്ക് പുറത്ത് താമസിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. തലമുറകളായി എസ്റ്റേറ്റ് പാടികളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ വയനാട്ടിലുണ്ട്. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരും മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്ന് തലമുറകള്‍ക്കുമുമ്പോ ചുരംകയറിയത്തെിയവരും ഇന്നും എസ്റ്റേറ്റ് പാടികളുടെ ദുരിതങ്ങളില്‍നിന്ന് മോചിതരായിട്ടില്ല. നൂറോളം തൊഴിലാളികള്‍ താമസിക്കുന്ന പാടിലൈനുകളില്‍ അപകടസാധ്യത വര്‍ധിച്ചിട്ടും മാറ്റിപ്പാര്‍പ്പിക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറാവാറില്ല. ഭയംകാരണം തൊഴിലാളികള്‍ ഉപേക്ഷിച്ച പാടിയില്‍ 150 രൂപ നിരക്കില്‍ വാടകയായി നല്‍കി പുറത്തുനിന്നുള്ള നിരവധി കുടുംബങ്ങളും ഇപ്പോള്‍ താമസിക്കുന്നുണ്ട്. വര്‍ഷങ്ങളായി താമസമില്ലാത്ത പാടിലൈനുകള്‍ പലതും ചിതലെടുത്തും കാടുകയറിയും ഇഴജന്തുകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായും മാറിയിട്ടുണ്ട്. പല പാടികളുടെയും ഓടുകള്‍ തകര്‍ന്നും മരങ്ങള്‍ ജീര്‍ണിച്ചും നിലം പൊത്തുമെന്ന നിലയിലാണ്. മഴക്കാലമായാല്‍പോലും അറ്റകുറ്റപ്പണി നടത്താന്‍ കമ്പനി മാനേജ്മെന്‍റുകള്‍ താല്‍പര്യം കാട്ടാറില്ല. തൊഴിലാളികളുടെ നിരന്തര പരാതികള്‍ ഉയരുമ്പോള്‍ പേരിനുമാത്രം മിനുക്കുപണി നടത്തിയാലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.