സ്വകാര്യ ഭൂമികളില്‍ തടിയുല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ വനംവകുപ്പ് പദ്ധതി

മാനന്തവാടി: സാമൂഹിക വനവത്കരണത്തിന്‍െറ ഭാഗമായി സ്വകാര്യ ഭൂമികളില്‍ തടിയുല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ വനംവകുപ്പ് പദ്ധതി. സ്വകാര്യ ഭൂമികളിലെ ശോഷിച്ചുവരുന്ന തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സാധാരണ തടിയിനങ്ങളില്‍ സ്വയംപര്യാപ്തത നേടുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് വരുമാനവര്‍ധന ലക്ഷ്യമിട്ടാണ് വനംവകുപ്പ് ധനസഹായം നല്‍കുന്നത്. തേന്മാവ്, കുന്നിവാക, കുമ്പിള്‍, കമ്പകം, റോസ്വുഡ്, പ്ളാവ്, അണിലി, മഹാഗണി, തേക്ക്, ചന്ദനം എന്നിവ നടുന്നതിനാണ് ധനസഹായം നല്‍കുക. തൈകളുടെ എണ്ണമനുസരിച്ച് മൂന്നുതലങ്ങളായാണ് ധനസഹായം നല്‍കുക. 50 തൈകള്‍ മുതല്‍ 200 തൈകള്‍വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈ ഒന്നിന് 40 രൂപ നിരക്കിലും പരമാവധി 10,000 രൂപ വരെയും 401 മുതല്‍ 625 തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും പരമാവധി 16,000 രൂപ വരെയുമാണ് ധനസഹായം ലഭിക്കുക. 2015 ഒക്ടോബര്‍ 15 വരെ അപേക്ഷ നല്‍കുന്നവരെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. അപേക്ഷാഫോറങ്ങള്‍ അതാത് സ്ഥലങ്ങളിലെ സാമൂഹിക വനവത്കരണ വിഭാഗം ഓഫിസുകളില്‍ ലഭ്യമാണ്. വയനാട്, ഇടുക്കി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സ്വകാര്യ തോട്ടങ്ങളില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുനീക്കിയതിനാല്‍ മിക്ക തോട്ടങ്ങളിലും ഇപ്പോള്‍ മരങ്ങളില്ലാത്ത അവസ്ഥയാണ്. 2012ലാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. ആദ്യവര്‍ഷം ധനസഹായം നല്‍കി മൂന്നുവര്‍ഷം കഴിഞ്ഞ് പരിശോധന നടത്തുന്നതായിരിക്കും. പരിശോധനയില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ നല്ലരീതിയില്‍ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവന്നാല്‍ വീണ്ടും ധനസഹായം അനുവദിക്കും. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് സാമൂഹിക വനവത്കരണ വിഭാഗം ലഭ്യമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.