നെയ്ക്കുപ്പ വനത്തില്‍നിന്ന് ആനകള്‍ നാട്ടില്‍; പ്രതിരോധിക്കാന്‍ കഴിയാതെ വനംവകുപ്പ്

പനമരം: നെയ്ക്കുപ്പ വനത്തില്‍നിന്ന് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായിട്ടും പ്രതിരോധിക്കാന്‍ കഴിയാതെ വനംവകുപ്പ്. പകല്‍മുഴുവന്‍ നാട്ടില്‍ തങ്ങുന്ന ആനകളെ വൈകുന്നേരം കാട്ടിലേക്ക് തിരിച്ചോടിക്കാന്‍ മാത്രമാണ് വനംവകുപ്പ് മെനക്കെടാറ്. വൈദ്യുതിവേലി, കിടങ്ങ്, കരിങ്കല്‍ മതില്‍ എന്നിവയൊക്കെ മലയോരത്ത് നടപ്പാക്കിയാല്‍ ആനകള്‍ നാട്ടിലിറങ്ങുന്നത് തടയാമെങ്കിലും അതിനുള്ള ആലോചനകള്‍പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ളെന്നാണ് വിവിധ പ്രദേശങ്ങളിലുള്ളവരുടെ ആക്ഷേപം. നെയ്ക്കുപ്പ വനത്തിനടുത്തുള്ള ഗ്രാമങ്ങള്‍ നിര്‍വാരം, കല്ലുവയല്‍, ചെക്കിട്ട, ചെഞ്ചടി, കായക്കുന്ന്, പാതിരിയമ്പം, അഞ്ഞണിക്കുന്ന്, അമ്മാനി എന്നിവയാണ്. ഈ ഗ്രാമങ്ങളില്‍ സ്ഥിരമായത്തെിയിരുന്ന ആനകള്‍ നാലഞ്ചുവര്‍ഷമായി കൂടുതല്‍ ദൂരേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. നടവയല്‍, നെല്ലിയമ്പം, കാവടം, മാത്തുര്‍വയല്‍, കൈതക്കല്‍ തുടങ്ങിയ തെളിഞ്ഞ പ്രദേശങ്ങളില്‍ ആനകളത്തെുമ്പോള്‍ സ്ഥലത്തത്തെുന്ന വനംവകുപ്പിന്‍െറ പ്രധാന ജോലി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയാണ്. വൈകുന്നേരമാകുമ്പോള്‍ പടക്കംപൊട്ടിച്ച് വന്നവഴിയെ തിരിച്ചോടിക്കും. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഈ പതിവ് തുടരുന്നുണ്ട്. നെയ്ക്കുപ്പയിലെ കാട്ടാനകള്‍ ഒന്നരപ്പതിറ്റാണ്ടുമുമ്പ് മാത്തൂര്‍വയലില്‍ രണ്ടുപേരെ വകവരുത്തിയിരുന്നു. അതിനുശേഷം ഇതുവരെ ആളപായമുണ്ടാകാത്തത് ജനത്തിന്‍െറ ജാഗ്രതകൊണ്ടുമാത്രമാണ്. കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധിയാളുകള്‍ നീര്‍വാരം, അമ്മാനി ഭാഗത്തുണ്ട്. നെയ്ക്കുപ്പ വനത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ താഴെ വരദൂരിലും 15 കിലോമീറ്റര്‍ അകലെ കരണിയിലും കഴിഞ്ഞദിവസം കാട്ടാന എത്തിയതോടെ കാട്ടാനകളുടെ നാട്ടിറക്കം തടയേണ്ടത് അത്യാവശ്യമാണെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഒരു പതിറ്റാണ്ടുമുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ നെയ്ക്കുപ്പ വനയോരത്ത് കാട്ടാന പ്രതിരോധകിടങ്ങ് നിര്‍മിച്ചിരുന്നു. ഏകദേശം 10 കിലോമീറ്റര്‍ നീളമുള്ള കിടങ്ങുകൊണ്ട് കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതല്ലാതെ ഉദ്ദേശിച്ച ഫലംകണ്ടില്ല. പാറയുള്ള ഭാഗത്തും മറ്റും കിടങ്ങ് ഇടമുറിഞ്ഞിരുന്നു. അതിലൂടെ ആനകള്‍ പുറത്തിറങ്ങി. പണ്ട് നിര്‍മിച്ച കിടങ്ങുകള്‍ ഇപ്പോള്‍ നിരന്ന അവസ്ഥയിലാണ്. യന്ത്രസഹായത്താല്‍ കൂടുതല്‍ ആഴത്തിലും വീതിയിലും കിടങ്ങ് നിര്‍മിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് ചില വനപാലകരുടെ അഭിപ്രായം. അതല്ളെങ്കില്‍ കര്‍ണാടകയിലെപോലെ കരിങ്കല്ലുകൊണ്ടുള്ള കൂറ്റന്‍ മതില്‍ നിര്‍മിക്കണം. അതിന് ഫണ്ട് കണ്ടത്തൊന്‍ സംസ്ഥാനസര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാവാത്തതാണ് പ്രശ്നം. വിളകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും കാട്ടാനകള്‍ നാശംവരുത്തുമ്പോള്‍ വേണ്ട നഷ്ടപരിഹാരം കൊടുക്കുന്ന കാര്യത്തിലും വനംവകുപ്പിന്‍െറ സമീപനം തൃപ്തികരമല്ല. ലക്ഷത്തിലേറെ നഷ്ടമുണ്ടായാല്‍ 5000 കിട്ടിയാലായി. ഏറെനാള്‍ ഓഫിസുകള്‍ കയറിയിറങ്ങുകയും വേണമെന്നാണ് നീര്‍വാരം, അമ്മാനി ഭാഗത്തുള്ളവര്‍ പറയുന്നത്. നാട്ടുകാര്‍ സംഘടിച്ച് സമരം നടത്തിയിട്ടും പ്രയോജനമുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടിയവരും നീര്‍വാരംഭാഗത്ത് നിരവധിയാണ്. ആനകളെ കാട്ടിലേക്ക് തുരത്താനത്തെുന്ന വനംവകുപ്പിന്‍െറ പക്കല്‍ ഒരു സജ്ജീകരണവുമുണ്ടാവാറില്ളെന്നതും എടുത്തുപറയണം. ആന പ്രകോപിതനായാല്‍ നോക്കിനില്‍ക്കുകയേ മാര്‍ഗമുള്ളൂ. ഇക്കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മുറുമുറുപ്പ് ശക്തമാണ്. അതേസമയം, കാട്ടില്‍ ആന, പന്നി, കുരങ്ങ് എന്നിവയുടെ വര്‍ധന അതിശക്തമാണെന്നാണ് നെയ്ക്കുപ്പ വനവുമായി ബന്ധപ്പെട്ട് പാതിരി സൗത് സെക്ഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. വര്‍ധന നിയന്ത്രിക്കാന്‍ കാട് കേന്ദ്രീകരിച്ച് വന്ധ്യംകരണ നടപടികളുണ്ടാവണം. 10 വര്‍ഷം മുമ്പ് നെയ്ക്കുപ്പ കാട്ടിലുണ്ടായിരുന്ന ആനകളുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയിലധികമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.