കല്ലും കട്ടയും ചുമന്ന് അവര്‍ സഹപാഠികള്‍ക്ക് വീട് പണിതു

കല്‍പറ്റ: അമ്പലവയല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയിലെ സ്കൂളിലെ വിദ്യാര്‍ഥികള്‍ സഹപാഠികളുടെ സങ്കടം കണ്ടറിഞ്ഞു. ഇടവേളകളിലും ഒഴിവുദിനങ്ങളിലും അവര്‍ കല്ലും കട്ടയും ചുമന്നു. രക്ഷിതാക്കളും നാട്ടുകാരും അവര്‍ക്ക് തണല്‍വിരിച്ച് കൂടെ നിന്നു. ഒടുവില്‍ വേദന അനുഭവിക്കുന്ന കൂട്ടുകാര്‍ക്ക് അവര്‍ നല്ല ചന്തമുള്ള കോണ്‍ക്രീറ്റ് വീടുതന്നെ പണിതു നല്‍കി. സ്കൂളിലെ വി.എച്ച്.എസ്.സി വിഭാഗം എന്‍.എസ്.എസ് യൂനിറ്റിന്‍െറ നേതൃത്വത്തിലാണ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി പ്രിയമോള്‍, സഹോദരങ്ങളായ പ്രീജ (ഒമ്പതാംക്ളാസ്), പ്രവീണ്‍ (ഏഴാംക്ളാസ്) എന്നിവര്‍ക്ക് വീട് പണിതത്. കഴിഞ്ഞ അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ നടത്തിയ ഗൃഹസന്ദര്‍ശനവേളയിലാണ് സഹോദരങ്ങളായ മൂന്ന് വിദ്യാര്‍ഥികളുടെ ദുരിതാവസ്ഥ മറ്റുള്ളവര്‍ അറിയുന്നത്. കുമ്പളേരിയിലെ ആകെയുള്ള 10 സെന്‍റില്‍ ചോര്‍ന്നൊലിക്കുന്ന കൂരയിലായിരുന്നു ഇവരുടെ താമസം. പിതാവ് കാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന അമ്മ ഗീതക്കും കാന്‍സര്‍ പിടിപെട്ടതോടെ കുടുംബം തീരാദുരിതത്തിലായി. ഇതറിഞ്ഞ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ വീട് നിര്‍മിച്ചുനല്‍കാന്‍ ‘സഹപാഠിക്കൊരു സ്നേഹവീട്’ എന്ന പേരില്‍ പ്രയത്നം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി ബ്ളോക് പഞ്ചായത്ത് ഐ.എ.വൈ പദ്ധതിയിലുള്‍പ്പെടുത്തി 1.70 ലക്ഷം നല്‍കി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവിടങ്ങളില്‍നിന്ന് ബാക്കി തുകയും സമാഹരിച്ചു. ഇങ്ങനെ അഞ്ചരലക്ഷം രൂപ ഉപയോഗിച്ചാണ് 630 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് പണിതത്. നിര്‍മാണപ്രവൃത്തികളില്‍ വിദ്യാര്‍ഥികളും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും പങ്കാളികളായി. സിറ്റൗട്ട്, രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ബാത്ത്റൂം എന്നീ സൗകര്യങ്ങള്‍ ഉള്ള വീടാണ് നിര്‍മിച്ചുനല്‍കിയത്. 2015 ജനുവരി ആറിനാണ് വീടിന്‍െറ തറക്കല്ലിടല്‍ നിര്‍വഹിച്ചത്. എട്ടുമാസംകൊണ്ടുതന്നെ പണി പൂര്‍ത്തീകരിക്കാനായി. വീടിന്‍െറ താക്കോല്‍ദാനകര്‍മം സെപ്റ്റംബര്‍ നാലിന് ഉച്ചക്ക് രണ്ടിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.എസ്.എസ് റീജനല്‍ ഡയറക്ടര്‍ ജി.പി. സജിത്ബാബു മുഖ്യ പ്രഭാഷണം നടത്തും. വി.എച്ച്.എസ്.സി വിഭാഗം എന്‍.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോഓഡിനേറ്റര്‍ ഇ. ഫാസില്‍ പദ്ധതി വിശദീകരിക്കും. ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ സി.വി. നാസര്‍, പ്രോഗ്രാം ഓഫിസര്‍ പി.ആര്‍. വിനേഷ്, പി.ടി.എ പ്രസിഡന്‍റ് എം.ടി. അനില്‍, വൈസ് പ്രസിഡന്‍റ് കെ. സുനില്‍കുമാര്‍, പി.എന്‍. ബിജു, എന്‍.എസ്.എസ് വളന്‍റിയര്‍ ലീഡര്‍ കെ.എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.