പരാധീനതകള്‍ക്കിടയിലും തരുവണ യു.പിക്ക് അംഗീകാരം

വെള്ളമുണ്ട: സംസ്ഥാനതലത്തില്‍ മികച്ച രണ്ടാമത്തെ പി.ടി.എക്കുള്ള അവാര്‍ഡ് നേടിയ തരുവണ യു.പി നാടിന് അഭിമാനമായി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ബുധനാഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വയനാട്ടിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് തരുവണ ഗവ. യു.പി സ്കൂള്‍. പരാധീനതകള്‍ക്കിടയിലും പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരത്തില്‍ തരുവണ ഗ്രാമം സന്തോഷത്തിലാണ്. തരുവണ സ്വദേശി കോരന്‍കുന്നന്‍ മൊയ്തു ഹാജിയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1905ല്‍ ഓത്തുപ്പള്ളിക്കൂടമായി തുടങ്ങിയ ഇവിടെ 1908ല്‍ എല്‍.പി സ്കൂള്‍ ആരംഭിച്ചു. 27 സെന്‍റ് സ്ഥലത്ത് ഒറ്റക്കെട്ടിടത്തില്‍ വിരലിലെണ്ണാവുന്ന കുട്ടികളുമായാണ് സ്കൂള്‍ തുടങ്ങിയത്. പ്രധാനാധ്യാപകനും അധ്യാപകനും എല്ലാം മാനേജറായ കോരംകുന്നന്‍ മൊയ്തു ഹാജി തന്നെയായിരുന്നു. 1971ല്‍ ഇത് യു.പിയായി ഉയര്‍ത്തി. ഇപ്പോള്‍ 700ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. മാനന്തവാടി ബ്ളോക് പഞ്ചായത്തംഗം കെ.സി. ആലി പ്രസിഡന്‍റായും പ്രധാനാധ്യാപിക പുഷ്പജ സെക്രട്ടറിയുമായ പി.ടി.എ കമ്മിറ്റിയുടെ ഒരു വര്‍ഷത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ അംഗീകാരം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഭംഗിയോടെ വിവിധ ചെടികളും മരങ്ങളും ഒരുക്കി പ്രകൃതി സംരക്ഷണം, കുട്ടികളുടെ പങ്കാളിത്തത്തില്‍ വിഷരഹിത പച്ചക്കറിത്തോട്ടം, എല്ലാ മാസങ്ങളിലും കൃത്യമായി നടത്തിവന്ന വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ വേറിട്ട പ്രവര്‍ത്തനങ്ങളാണ് ഇവരെ വ്യത്യസ്തമാക്കിയത്. യു.പിയുടെ വളപ്പില്‍തന്നെ പ്രവര്‍ത്തിക്കുന്ന തരുവണ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജില്ലയിലെ പി.ടി.എക്കുള്ള രണ്ടാമത്തെ മികച്ച അവാര്‍ഡും ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.