തിരുവോണ നാളില്‍ കലക്ടറേറ്റിന് മുന്നില്‍ ഭിന്നശേഷിക്കാരുടെ കുത്തിയിരിപ്പ് സമരം

കല്‍പറ്റ: ഭിന്നശേഷിക്കാരെ അവഗണിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തിരുവോണ നാളില്‍ കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഡിഫറന്‍റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്ള്യു.എഫ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ ഏഴായിരത്തിലധികം ഭിന്നശേഷിക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവരാണ്. ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ട് ഒമ്പത് മാസത്തിലേറെയായി. ഈ തുക കിട്ടിയാല്‍ മാത്രം ആവശ്യങ്ങള്‍ നിറവേറ്റുന്നവരാണ് മിക്കവരും. പെന്‍ഷന്‍ ഇപ്പോള്‍ ബാങ്കുകള്‍ മുഖേനയും പോസ്റ്റോഫിസ് മുഖേനയും അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മിക്ക ബാങ്കുകളും പോസ്റ്റോഫിസുകളും രണ്ടാം നിലയിലും മൂന്നാം നിലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തിപ്പെടാന്‍ ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. ഇതിനാല്‍ മുന്‍കാലത്തെപോലെ പോസ്റ്റുമാന്‍ വീട്ടില്‍ പെന്‍ഷന്‍ കൊണ്ടുപോയി കൊടുക്കുന്നത് തുടരണം. അഞ്ചു വര്‍ഷമായി വികലാംഗക്ഷേമ കോര്‍പറേഷന്‍ നോക്കുകുത്തിയാണ്. കോര്‍പറേഷന്‍ മുഖേന നല്‍കുന്ന സ്വയംതൊഴില്‍ സഹായവും സബ്സിഡിയും അടിയന്തരമായി നല്‍കണം. ജപ്തി നടപടികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ വായ്പകള്‍ എഴുതിത്തള്ളണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വായ്പകള്‍ എഴുതിത്തള്ളാനുള്ള പ്രാരംഭ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. 2004 മുതല്‍ 2008 വരെയുള്ള പി.എസ്.സി ബാക്ലോഗ് നികത്തണം. മൂന്ന് സംവരണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണം. ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തിരുവനന്തപുരത്തെ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം. സര്‍വീസില്‍ കയറിപ്പറ്റിയ വ്യാജ വികലാംഗരെ പിരിച്ചുവിടണം. ഇതുവരെ സമാധാനസമരങ്ങളാണ് ഇതിനായി നടത്തിയത്. ഇനി ഇത്തരം ആളുകള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കുന്ന സമരത്തിലേക്ക് നീങ്ങും. ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഷ്റഫലി, സെക്രട്ടറി കെ.വി. മോഹനന്‍, കെ.വി. മത്തായി, കെ.പി. ജോര്‍ജ്, റഷീദ് വെണ്ണിയോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.