സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി കേന്ദ്രത്തിനുള്ളില്‍ പ്രാഥമിക സൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് വന്യമൃഗ ഭീഷണിയില്‍ കഴിയുന്ന കുറിച്യാട് കോളനിയിലെ 41 കുടുംബങ്ങള്‍ക്ക് മോചനമൊരുങ്ങുന്നു. കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസില്‍ ചേര്‍ന്ന റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കോളനി നിവാസികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. കോളനി നിവാസിയായ ബാബുരാജ് (27) എന്ന യുവാവിനെ പട്ടാപ്പകല്‍ കടുവ കൊന്നുതിന്ന സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് പുനരധിവാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്. ഇരുളം, കിടങ്ങനാട് വില്ളേജുകളിലായി റവന്യൂ വകുപ്പ് കണ്ടത്തെിയ 25 ഏക്കര്‍ ഭൂമി കുറിച്യാട് നിവാസികള്‍ക്കുവേണ്ടി വിലയ്ക്ക് വാങ്ങി നല്‍കാനാണ് തീരുമാനം. അര ഏക്കറിലധികം സ്ഥലം ഓരോ കുടുംബത്തിനും ലഭിക്കും. സ്ഥലം കോളനിനിവാസികളെ കാണിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍െറ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ അനുവദിച്ച തുകയാണ് സ്ഥലം വാങ്ങാന്‍ ഉപയോഗപ്പെടുത്തുക. ഓരോ കുടുംബത്തിനും കുറഞ്ഞത് പത്തുലക്ഷം വീതമാണ് പദ്ധതിയില്‍ ലഭിക്കുക. പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ക്കും അവിവാഹിതയായ യുവതികള്‍ക്കും പത്തുലക്ഷം വീതം വേറെയും ലഭിക്കും. മാറാരോഗികള്‍, ശാരീരിക-മാനസിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കും പദ്ധതിയില്‍ വെവ്വേറെ പത്തുലക്ഷം വീതം ലഭിക്കും. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഒന്നാം ഘട്ടമായി ഒഴിപ്പിക്കേണ്ട വനഗ്രാമങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു കുറിച്യാട്. രാഷ്ട്രീയ പരിഗണനകളാല്‍ പിന്നീട് ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. ബാബുരാജിന്‍െറ മരണമാണ് ഇപ്പോള്‍ അധികൃതരുടെ കണ്ണ് തുറക്കാന്‍ കാരണമായത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡെ. കലക്ടര്‍ കെ.കെ. വിജയന്‍, ബത്തേരി തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം, പൊലീസ് സി.ഐ ബിജുരാജ്, കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ.രാമന്‍ എന്നിവരോടൊപ്പം ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.