കാര്‍ഷിക വികസന ബാങ്ക് നിയമനത്തില്‍ മൂന്നു കോടിയുടെ അഴിമതിയെന്ന് ഡയറക്ടര്‍

സുല്‍ത്താന്‍ ബത്തേരി: സഹകരണ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കോടിയോളം രൂപയുടെ അഴിമതി നടന്നതായി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി ചുള്ളിയോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡയറക്ടര്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കി പ്രസിഡന്‍റ് കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ അഴിമതി നടത്തിയതായാണ് ആരോപണം. നിയമാനുസൃതമായ രീതിയില്‍ എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തിയില്ല. കൃത്രിമ രേഖകളുണ്ടാക്കി മുന്‍കൂട്ടി നിശ്ചയിച്ചവരെ നിയമിക്കുകയായിരുന്നു. മറ്റു ശാഖകളില്ലാത്ത ബാങ്കില്‍ 25ഓളം പേരെ നിയമിക്കുന്നതിനാവശ്യമായ സ്റ്റാഫ് പാറ്റേണ്‍ സഹകരണ വകുപ്പില്‍നിന്നും നേടിയെടുത്തതിനു പിന്നിലും അഴിമതി നടന്നിട്ടുണ്ട്. ഈ തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് പ്രചാരണം നടത്തിയശേഷം ലക്ഷങ്ങള്‍ കോഴവാങ്ങി താല്‍ക്കാലിക നിയമനം നല്‍കുകയായിരുന്നു. ഇവരെ സ്ഥിരപ്പെടുത്താന്‍ വേണ്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി ട്രഷറര്‍കൂടിയായ കെ.കെ. ഗോപിനാഥനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ നടപടിയുണ്ടാകുന്നില്ളെങ്കില്‍ ഡി.സി.സി ഓഫിസിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഷാജി ചുള്ളിയോട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.