ഇഞ്ചികൃഷിക്ക് കേരളത്തില്‍നിന്ന് ആളേറി; കര്‍ണാടകയില്‍ പാട്ടത്തുക വന്‍തോതില്‍ ഉയരുന്നു

കല്‍പറ്റ: ഇഞ്ചികൃഷിക്കായി കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ആളുകള്‍ എത്തിയതോടെ കര്‍ണാടകയിലെ മൈസൂരു, ഹാസന്‍, ശിവമോഗ ജില്ലകളിലെ ഭൂവുടമകള്‍ ഭൂമിയുടെ പാട്ടത്തുക വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. വളക്കൂറും ജലസേചനസൗകര്യവും ഉള്ള ഭൂമി ഏക്കറിന് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് ഉടമകള്‍ വാര്‍ഷിക പാട്ടം ചോദിക്കുന്നത്. ഇത് നല്‍കാന്‍ കര്‍ഷകര്‍ തയാറാകുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏക്കറിന് 80,000 രൂപയായിരുന്നു പരമാവധി പാട്ടം. ഇഞ്ചിയുടെ ഭേദപ്പെട്ട വിലയും കൃഷിക്കാരുടെ തള്ളിക്കയറ്റവുമാണ് പാട്ടം വര്‍ധിപ്പിച്ചതിനു കാരണം. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് മലയാളികളാണ് നിലവില്‍ ഇഞ്ചികൃഷി ചെയ്യുന്നത്. വയനാട്ടുകാരാണ് അധികവും. പലരും ചെറിയ കാലത്തിനുള്ളില്‍ വന്‍ സാമ്പത്തിക നേട്ടവും ഉണ്ടാക്കി. ഇതോടെ കൂടുതലാളുകള്‍ കര്‍ണാടകയുടെ മണ്ണിലത്തെി. ഭൂമിയുടെ സവിശേഷതകളനുസരിച്ച് ഏക്കറിനു 5,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു തുടക്കത്തില്‍ വാര്‍ഷിക പാട്ടം. ഇതാണിപ്പോള്‍ ലക്ഷവും കടന്നത്. വളരെ അകലെയുള്ളതും കുഴല്‍ കിണറുകളടക്കം ജലസേചനത്തിനു സൗകര്യമില്ലാത്തതുമായ സ്ഥലങ്ങള്‍ക്കുപോലും കുറഞ്ഞത് കാല്‍ ലക്ഷം രൂപയാണ് ഇപ്പോള്‍ പാട്ടം. കേരളത്തോട് പരമാവധി അടുത്തുകിടക്കുന്നതും തരക്കേടില്ലാതെ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് മലയാളി കര്‍ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം. ഇവിടങ്ങളില്‍ പാട്ടം കുതിക്കുകയാണ്. നഞ്ചങ്കോടിനടുത്ത് ഉള്ളള്ളിയില്‍ ഏക്കറിനു ഒന്നേകാല്‍ ലക്ഷം രൂപ പാട്ടം നിശ്ചയിച്ചാണ് മലപ്പുറം സ്വദേശികള്‍ ഉടമയുമായി കരാറെഴുതിയത്. ഇഞ്ചിക്ക് ആദായകരമായ വിലയാണ് ഏതാനും ആഴ്ചകളായി കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. രോഗ, കീട ബാധയും മഴക്കുറവുംമൂലം കൃഷി നശിക്കാത്ത കര്‍ഷകര്‍ക്ക് നടപ്പുസീസണ്‍ മോശമാകില്ളെന്നാണ് പ്രതീക്ഷയെന്ന് ഹാസന്‍ ജില്ലയിലെ ശ്രാവണബലഗോളക്ക് സമീപം കിക്കേരിയില്‍ കൃഷി നടത്തുന്ന മുള്ളന്‍കൊല്ലി കബനിഗിരി പുളിക്കാക്കുടി വിനോദ് പറഞ്ഞു. ശ്രാവണബലഗോളയില്‍ നിന്നു 20 കിലോമീറ്റര്‍ അകലെ നാല് പ്ളോട്ടുകളിലായി 22 ഏക്കറിലാണ് വിനോദ് സ്നേഹിതരെ പങ്കാളികളാക്കി ഇഞ്ചികൃഷി നടത്തുന്നത്. രോഗ, കീട ബാധമൂലം മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ഇക്കുറി ഇഞ്ചികൃഷിക്ക് കൂടുതല്‍ നാശം. മൂടുചീയല്‍, ഇലകരിയല്‍, ചക്കരക്കേട് എന്നിവയാണ് കര്‍ഷകര്‍ക്ക് വിനയായത്. അന്തര്‍സന്ത, എച്ച്.ഡി കോട്ട, മാതാപുരം, ഹുന്‍സൂര്‍, ഹാന്‍ഡ്പോസ്റ്റ്, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളിലായി നൂറുകണക്കിനു ഹെക്ടറിലാണ് ഇഞ്ചികൃഷി നശിച്ചത്. ഇതുമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടവും ഭീമമാണ്. ഒരു ഏക്കറില്‍ ഇഞ്ചി നട്ട് വിളവെടുപ്പുകാലം വരെ പരിപാലിക്കുന്നതിനു ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ചെലവ്. ഭേദപ്പെട്ട കാലാവസ്ഥയിലും രോഗങ്ങളുടെ അഭാവത്തിലും ഹാസന്‍, ഷിമോഗ ജില്ലകളില്‍ ഒരേക്കറില്‍ കുറഞ്ഞത് 400 ചാക്ക് ഇഞ്ചി വിളയും. മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കറില്‍ 250-300 ചാക്കാണ് പൊതുവെ വിളവ്. മണ്ണിന്‍െറ പ്രത്യേകതയാണ് ഈ ജില്ലകളിലെ മികച്ച വിളവിന് കാരണം. ഏതാനും വര്‍ഷങ്ങളായി പാട്ടഭൂമികളില്‍ ഇഞ്ചിക്കു പുറമേ വാഴ, പയര്‍, തക്കാളി, മുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികൃഷികളും കര്‍ഷകര്‍ നടത്തുന്നുണ്ട്. ഇഞ്ചി വിളവെടുപ്പ് നടന്ന സ്ഥലങ്ങളാണ് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.