പൊലീസ് വകുപ്പില്‍ വാഹനങ്ങള്‍ യഥേഷ്ടം; ഓടിക്കാനാളില്ല

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പൊലീസ് വാഹനങ്ങളുടെ എണ്ണത്തിനനുസൃതമായി ഡ്രൈവര്‍മാരില്ല. വിവിധ സ്കീമുകളില്‍ പുതിയ വാഹനങ്ങള്‍ എത്തുമ്പോഴും ഡ്രൈവര്‍മാരെ പുതുതായി നിയമിക്കുന്നില്ല. ജില്ല രൂപവത്കൃതമാവുമ്പോള്‍ അനുവദിച്ച ഡ്രൈവര്‍മാരുടെ തസ്തികകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. ഇതില്‍ 49 തസ്തികകള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. 150ഓളം തസ്തികകള്‍ പുതുതായി അനുവദിച്ചാല്‍ മാത്രമേ നിലവിലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ആവശ്യമായ ഡ്രൈവര്‍മാരെ കണ്ടത്തൊനാവൂ. ഡ്രൈവര്‍മാരുടെ അഭാവം പരിഹരിക്കാന്‍ ഡ്രൈവിങ് അറിയാവുന്ന ജനറല്‍ പൊലീസുകാരെ ഉപയോഗിച്ച് പൊലീസ് വാഹനങ്ങള്‍ ഓടിപ്പിക്കുകയാണ് ഇപ്പോള്‍. പൊലീസുകാരെ ‘അദര്‍ ഡ്യൂട്ടി’ക്ക് നിയോഗിക്കുന്നതോടെ സാധാരണഗതിയില്‍ നടക്കേണ്ട ജോലികള്‍ മുടങ്ങും. ജനറല്‍ ഡ്യൂട്ടിക്ക് മതിയായ പൊലീസ് ഉണ്ടാവില്ല. പരിചയസമ്പന്നരല്ലാത്തവര്‍ വാഹനങ്ങള്‍ ഓടിക്കുന്നതുമൂലം അപകടങ്ങളും പതിവായി. കേടായ പൊലീസ് വാഹനങ്ങളില്‍ കൂടുതലും അതത് സ്റ്റേഷനുകളില്‍ വിശ്രമിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ ആളില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ പൊലീസ് ഡ്രൈവര്‍മാറല്ലാത്തവര്‍ ഓടിക്കുന്നതുമൂലം തകരാറാവുന്നതും പതിവായി. വന്‍ സാമ്പത്തിക നഷ്ടവും ഇതുമൂലം സംഭവിക്കുന്നു. ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി ജനറല്‍ ഡ്യൂട്ടി ചെയ്യേണ്ട അമ്പതിലധികം പൊലീസുകാര്‍ ഇപ്പോള്‍ ‘അദര്‍ ഡ്യൂട്ടി’യില്‍ ഡ്രൈവര്‍മാരായി വിലസുന്നുണ്ട്. നിയമം നടപ്പാക്കേണ്ട ‘ഓഫിസര്‍’മാരാണ് ഈ പൊലീസ് വാഹനങ്ങളില്‍ യാത്രചെയ്യുന്നത്. ജില്ലക്കു പുറത്ത് വിവിധ ബറ്റാലിയനുകളിലും മറ്റുമായി വയനാട്ടുകാരനായ 40ലധികം പൊലീസ് കോണ്‍സ്റ്റബ്ള്‍ ഡ്രൈവര്‍മാര്‍ പൊലീസ് വകുപ്പില്‍ ജോലിചെയ്യുന്നുണ്ട്. സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ആഗ്രഹിച്ച് അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരാണ് പലരും. ഇവരെ ജില്ലയിലേക്ക് മാറ്റി നിയമനം നല്‍കിയാല്‍ ഇവര്‍ക്കും പൊലീസ് വകുപ്പിനും അത് ഗുണകരമാവും. തസ്തികകള്‍ നികത്തുന്നതിലും നിലവിലുള്ളവരെ ഫലപ്രദമായി വിന്യസിക്കുന്നതിലും അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ വകുപ്പില്‍ തന്നെ പ്രതിഷേധം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.